ടീമില്‍ കോഹ്‌ലി ഹീറോയാണെങ്കിലും താരങ്ങള്‍ക്ക് കൂറ് ‘തല’യോട് തന്നെ; ധോണി സ്‌തുതിയുമായി മറ്റൊരു ഇന്ത്യന്‍ താരം കൂടി രംഗത്ത്
ടീമില്‍ കോഹ്‌ലി ഹീറോയാണെങ്കിലും താരങ്ങള്‍ക്ക് കൂറ് ‘തല’യോട് തന്നെ; ധോണി സ്‌തുതിയുമായി മറ്റൊരു ഇന്ത്യന്‍ താരം കൂടി രംഗത്ത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണെങ്കിലും ടീമിന്റെ നിയന്ത്രണം മുന്‍ നായകാന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കൈകളിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഈ റിപ്പോര്‍ട്ടുകള്‍ ശരിവയ്‌ക്കുന്ന നിരവധി വാര്‍ത്തകളും നേരത്തെ പുറത്തുവാന്നിരുന്നു. കോഹ്‌ലി പോലും ധോണിയുടെ നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ക്കുന്നത് ക്രിക്കറ്റ് ലോകം കാണുന്നുണ്ട്.
ഗ്രൌണ്ടില്‍ അതിവേഗം കളി മെനയാനുള്ള ധോണിയുടെ മികവാണ് കോഹ്‌ലിയില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. ബൌണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്ന കോഹ്‌ലിക്ക് ബോളര്‍മാരെയും ഫീല്‍ഡര്‍മാരെയും ശ്രദ്ധിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ ജോലി നൂറ് ശതമാനം ഉത്തരവാദിത്വത്തോടെ ചെയ്യുന്നത് ധോണിയാണ്. ഇതിനുള്ള തെളിവാണ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനു ശേഷം സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവില്‍ നിന്നുമുണ്ടായത്.
മികച്ച രീതിയില്‍ പന്ത് എറിയാന്‍ സഹായിച്ചത് ധോണിയുടെ ഉപദേശങ്ങളാണെന്നും ഈ നേട്ടത്തിന് അദ്ദേഹമാണ് കാരണക്കാരനെന്നുമാണ് കുല്‍ദീപ് വ്യക്തമാക്കിയിരിക്കുന്നത്. “ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായിട്ടാണ് ഞാന്‍ ബോള്‍ ചെയ്യുന്നത്, അതിനാല്‍ സാഹചര്യം എങ്ങനെയുള്ളതാകുമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ആശയക്കുഴപ്പത്തിനൊപ്പം കാറ്റിന്റെ ശക്തിയില്‍ പന്ത് ദിശ മാറി പോകുന്നുവെന്ന് ഞാന്‍ മനസിലാക്കി. ഈ സാഹചര്യത്തില്‍ എങ്ങനെ ബോള്‍ ചെയ്യണമെന്ന് ധോണി ഭായിയോട് ചോദിച്ചു. എന്നും തുടങ്ങുന്നതു പോലെ ബോള്‍ ചെയ്‌തു തുടങ്ങാനാണ് ഭായ് പറഞ്ഞത്” എന്നും കുല്‍ദീപ് വ്യക്തമാക്കി.
ശക്തമായ കാറ്റ് വീശുന്നതിനാല്‍ ബോള്‍ ചെയ്യുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് മഹി ഭായ് നിര്‍ദേശം നല്‍കി കൊണ്ടിരുന്നു. പന്തിന്റെ ഗതി എങ്ങനെ ആയിരിക്കണമെന്ന നിര്‍ദേശവും വിക്കറ്റിന് പിന്നില്‍ നിന്നും അദ്ദേഹം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഈ നിര്‍ദേശങ്ങളാണ് മികച്ച പ്രകടത്തിന് പിന്നിലെ രഹസ്യമെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ 34 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യയുടെ ജയത്തിന് നിര്‍ണായകമായത് കുല്‍ദീപിന്റെയും യുസ്വവേന്ദ്ര ചാഹലിന്റേയും ബോളിംഗാണ്. നേരത്തെ, ടീമിന്റെ നിയന്ത്രണം ധോണിയുടെ കൈകളിലാണെന്ന് ചാഹല്‍ വ്യക്തമാക്കിയിരുന്നു.