ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. നായകന്‍ വിരാട് കോഹ്‌ലിയുടേയും അജിന്‍ക്യാ രഹാനെയുടേയും മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 112 നേടിയ വിരാടാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 79 റണ്‍സുമായി രഹാനെ നായകന് മികച്ച പിന്തുണ നല്‍കുകയും ചെയ്തു.
കോഹ്‌ലിയുടെ 33ാമത്തെ ഏകദിന സെഞ്ച്വറി ആണിത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 269 റണ്‍സെടുത്തിരുന്നു. നായകന്‍ ഡുപ്ലെസിസിന്റെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ഡുപ്ലെസിസ് 112 പന്തില്‍ നിന്നും 120 റണ്‍സ് നേടി.
പതിവുപോലെ ഇത്തവണയും ഇന്ത്യയുടെ വിജയറണ്‍ ധോണിയുടെ വകതന്നെയായിരുന്നു എന്നതും ശ്രദ്ധേയമായി. റബാദയുടെ ഓവറില്‍ ബൗണ്ടറി നേടിയാണ് ധോണി ഇന്ത്യയുടെ വിജയറണ്‍ നേടിയത്. ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്നും ചാഹല്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാറും ബുംറയും ഓരോ വിക്കറ്റുകള്‍ വീതം നേടി.