Shubman Gill: ഏകദിനത്തിലും ഗില്‍ നായകനാകും; ഓസ്‌ട്രേലിയന്‍ പര്യടനം രോഹിത്തിന്റെ അവസാന ഊഴം
ഒക്ടോബറിലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ട്
Rohit Sharma and Shubman Gill
Shubman Gill: ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനത്തേക്ക്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം രോഹിത് ശര്‍മ ഏകദിന നായകസ്ഥാനം രാജിവയ്ക്കും. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ടീം ഉടച്ചുവാര്‍ക്കാന്‍ ബിസിസിഐ തീരുമാനിച്ചു.
ഒക്ടോബറിലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയും ഓസീസിനെതിരായ ഏകദിന പരമ്പര കളിക്കും. രോഹിത് തന്നെയായിരിക്കും നായകന്‍.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രോഹിത്തിന്റെയും കോലിയുടെയും പ്രകടനം ബിസിസിഐയും സെലക്ടര്‍മാരും വിലയിരുത്തും. ഇരുവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഏകദിന ഫോര്‍മാറ്റില്‍ അധികം തുടരാന്‍ സാധിക്കില്ല. 2027 ഏകദിന ലോകകപ്പ് കളിക്കാന്‍ ഇരുവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രായം പ്രതികൂല ഘടകമാണ്. 2027 ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും കോലിക്ക് പ്രായം 38 ആകും, രോഹിത്തിനു 39 ലേക്ക് കടക്കും. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഈ രണ്ട് മുതിര്‍ന്ന താരങ്ങളെയും ഏകദിന ലോകകപ്പ് കളിപ്പിക്കാന്‍ ബിസിസിഐ തയ്യാറാകുമോയെന്ന് സംശയമാണ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും തൃപ്തരാണ്. ഗില്ലിനെ ഏകദിന നായകനാക്കാന്‍ ബിസിസിഐ ആലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ഗില്ലിനു നായകനായി തിളങ്ങാന്‍ സാധിക്കുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു.