ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിൻ്റെ പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ താരം 49.2 ഓവർ ക്രീസിൽ ചിലവഴിച്ച് 149 പന്തിൽ 19 ഫോറും 9 സിക്സും നേടിയാണ് മടങ്ങിയത്.
ധോനിയെ പോലെ സ്ട്രയിറ്റ് സിക്സുകളാണ് ഗിൽ അധികവും നേടുന്നതെന്നാണ് മഞ്ജരേക്കർ പറയുന്നത്. കരിയറിൻ്റെ തുടക്കത്തിൽ തന്നെ ധോനിയും സ്ട്രയിറ്റ് സിക്സറുകളാണ് അധികവും നേടിയിരുന്നത്. ബിഗ് ഹിറ്റിംഗിൽ സ്ഥിരതയുണ്ടാകാൻ ഇത് സഹായകമാകുമെന്നാണ് ധോനി പറഞ്ഞിരുന്നത്. ഇതേ കഴിവാണ് ഗില്ലിനും ലഭിച്ചിരിക്കുന്നത് മഞ്ജരേക്കർ പറഞ്ഞു. മത്സരത്തിൽ വ്യക്തിഗത സ്കോർ 182ൽ നിൽക്കെ ലോക്കി ഫെർഗൂസനെ തുടർച്ചയായി 3 സിക്സർ പറത്തിയാണ് ഗിൽ 200 തികച്ചത്. ഏകദിനത്തിൽ ഇരട്ടസെഞ്ചുറി സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ഗിൽ.