നിലവിൽ ഏകദിനമത്സരമാകട്ടെ ടി20 ആകട്ടെ ടെസ്റ്റ് മത്സരങ്ങളാകട്ടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികച്ച ഫോമിലാണ് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാനായ രോഹിത് ശർമ്മ. ഓരോ മത്സരത്തിലും എന്തെങ്കിലും നേട്ടങ്ങൾ കൊയ്താണ് രോഹിത്തിന്റെ യാത്ര. ഇന്ത്യൻ നായകൻ വിരാട് കോലി പലപ്പോളും വിശ്രമത്തിൽ ആയിരുന്നപ്പോൾ പോലും രോഹിത് തുടർച്ചയായി വിശ്രമമില്ലാതെയാണ് കളിച്ചത്. നടക്കാനിരിക്കുന്ന വിൻഡീസ് പരമ്പരയിൽ രോഹിത്തിന് വിശ്രമം നൽകാൻ മാനേജ്മെന്റ് തയ്യാറായിരുന്നെങ്കിലും താരം അത് നിരസിക്കുകയായിരുന്നു.
എന്നാൽ ഇപ്പോളിതാ വെള്ളിയാഴ്ച വെസ്റ്റിൻഡീസിനെതിരായ ടി20 മത്സരത്തിലും താരത്തെ കാത്തിരിക്കുന്നത് ഒരു അപൂർവ റെക്കോഡ് നേട്ടമാണ്. അടുത്ത മത്സരത്തിൽ വിൻഡീസിനെതിരെ ഒരു സിക്സർ കൂടി താരത്തിന് സ്വന്തമാക്കാനായാൽ അന്താരാഷ്ട്ര മത്സരങ്ങളിൽ 400 സിക്സറുകൾ എന്ന നേട്ടം രോഹിത്തിന് സ്വന്തമാകും.
ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോഡ് രോഹിത്തിന് സ്വന്തമാകും. പാകിസ്ഥാന്റെ ഷാഹിദ് അഫ്രിദി,വിൻഡീസിന്റെ ക്രിസ് ഗെയ്ൽ എന്നിവർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ബാറ്റ്സ്മാന്മാർ. ഗെയ്ൽ 534 സിക്സറുകൾ സ്വന്തം പേരിൽ കുറിച്ചപ്പോൾ 476 സിക്സറുകളാണ് അഫ്രിദിയുടെ സമ്പാദ്യം.