ജസ്പ്രീത് ബുംമ്രയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ താരമാണ് ഉമേഷ് യാദവ്. ഒരു ബൗളർ എന്ന നിലയിലാണ് ടീമിൽ എത്തിയതെങ്കിലും കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ സീരിസിലും ബംഗ്ലാദേശിനെതിരെയും ബാറ്റ് കൊണ്ട് മികച്ച പ്രകടനമാണ് ഉമേഷ് കാഴ്ചവെച്ചത്. ക്രീസിൽ ഇറങ്ങിയ മുതൽ വെടിക്കെട്ട് നടത്തുന്ന വാലറ്റക്കാരൻ എന്ന നിലയിൽ പല റെക്കോഡുകളും ഉമേഷ് സ്വന്തമാക്കുകയും ചെയ്തു. എന്നാലിപ്പോൾ ഉമേഷിനെ പറ്റി ഇന്ത്യൻ നായകൻ വിരാട് കോലി പറഞ്ഞ വാചകങ്ങളാണ് ചർച്ചയായിരിക്കുന്നത്.
ഉമേഷിനെ വേണമെങ്കിൽ ഇന്ത്യൻ ടീമിന്റെ മൂന്നാം നമ്പർ താരമായും കളിക്കാനിറക്കാം എന്ന അഭിപ്രായമാണ് കോലി പങ്കുവെച്ചത്. ബോറിയ മജുംദാർ പരിപാടിക്കിടെയാണ് കോലി തമാശരൂപത്തിൽ ഈ കാര്യം അഭിപ്രായപ്പെട്ടത്. വെടിക്കെട്ട് പ്രകടനം നടത്തുന്ന ഉമേഷിനെ പാണ്ഡ്യയുടെ അഭാവത്തിൽ ഓൾറൗണ്ടറായും പരിഗണിക്കാമെന്നാണ് കോലി പറഞ്ഞത്.
നിലവിൽ 30 മത്സരങ്ങൾക്ക് മുകളിൽ ബാറ്റ് ചെയ്തവരിൽ മികച്ച സ്ട്രൈക്ക് റൈറ്റുള്ള ബാറ്റ്സ്മാൻ എന്ന റെക്കോഡ് ഉമേഷിന്റെ പേരിലാണ്. ദക്ഷിണാഫ്രിക്കക്കെതിരായുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിലായിരുന്നു ഉമേഷിന്റെ ബാറ്റിങ് വെടിക്കെട്ട്. ഒരു ഇന്നിങ്സിലെ ആദ്യ രണ്ട് പന്തുകളിലും സിക്സറുകൾ നേടി വെറും 10 പന്തിലാണ് മത്സരത്തിൽ ഉമേഷ് 30 റൺസുകൾ മത്സരത്തിൽ പൂർത്തിയാക്കിയത്. ഇതോടെ ഇത്തരത്തിൽ സിക്സറുകൾ നേടിയവരുടെ പട്ടികയിൽ സച്ചിനും ഹോഫി വില്ല്യംസിനുമൊപ്പം ഉമേഷും ഇടം നേടി.
ബംഗ്ലാദേശ് പരമ്പരയിലും സമാനമായ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഉമേഷ് മൂന്ന് മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റ് നേട്ടത്തോടെ ബൗളിങ്ങിലും തിളങ്ങി. ബൂമ്ര കൂടി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യത തെളിയുമ്പോൾ ജനുവരിയിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ടീമിൽ ഇടം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉമേഷ്.