ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശർമയാണ്. ക്യാപ്റ്റൻ വിരാട് കോഹ്ലി അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഉപനായകൻ രോഹിത് ശർമ ടീമിന്റെ ഉത്തവാദിത്വം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, ബംഗ്ലാദേശിനെതിരെ ആദ്യ ടി20യ്ക്ക് ഒരുങ്ങുന്ന ഇന്ത്യയെ ഇന്നലെ സമ്മർദ്ദത്തിലാക്കി രോഹിതിനു പരുക്ക് പറ്റിയിരുന്നു.
രോഹിത്ത് ശര്‍മ്മയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റപ്പോൾ ആരാധകരുടെ ചങ്കിടിപ്പ് കൂടി. കാലില്‍ പന്തുകൊണ്ട രോഹിത് ഉടന്‍തന്നെ പരിശീലനം നിര്‍ത്തി പുറത്തുപോവുന്ന കാഴ്ചയാണ് കാണാനായത്. ഇതോടെ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ കളിക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടായി.
എന്നാൽ, രോഹിതിന്റെ പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും മത്സരത്തിനു പങ്കെടുക്കാൻ ഹിറ്റ്മാൻ പൂർണ ആരോഗ്യവാൻ ആണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്ത്യയുടെ ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റായ നുവാന്‍ സേനവിരത്നെയെ നേരിടുമ്പോഴായിരുന്നു രോഹിതിന്റെ കാലില്‍ പന്ത് കൊണ്ടത്. വേദന കൊണ്ട് പുളഞ്ഞ രോഹിത് ഉടൻ തന്നെ പരിശീലനം നിർത്തി ഗ്രൌണ്ട് വിടുകയായിരുന്നു.
വിരാട് കോഹ്‌ലി അവധി എടുക്കുമ്പോൾ മാത്രം തന്നെ തേടി വരാറുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം നായകപദവി കയ്യിൽ ഭദ്രമാണെന്ന് പലതവണ തെളിയിച്ച നായകനാണ് രോഹിത് ശർമ. സഞ്ജും സാംസണടക്കമുളള യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലുളളതിനാല്‍ മത്സരം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.