ലോകകപ്പിനിടെ കമ്മിറ്റി അംഗങ്ങളിലൊരാൾ ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യ അനുഷ്ക ശർമയ്ക്ക് ചായ കൊണ്ടുപോയി കൊടുക്കുന്നത് നേരിൽ കണ്ടുവെന്ന മുൻ ഇന്ത്യൻ താരം ഫാറൂഖ് എൻജിനീയറിന്റെ പരാമർശം വൻ വിവാദമാണ് ക്രിക്കറ്റ് ലോകത്ത് പടർത്തിയത്.
സെലക്ഷൻ കമ്മിറ്റിയെ പരിഹസിക്കുക എന്നതായിരുന്നു ഫാറൂഖിന്റെ പ്രധാന ഉദ്ദെശമെങ്കിലും അതിനായി അനുഷ്കയെ പഴിചാരിയത് ശരിയായില്ലെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറഞ്ഞു. ഇയാൾക്കെതിരെ കൃത്യമായ മറുപടിയുമായ് അനുഷ്കയും എത്തിയതോടെ എൻജിനീയർ നൈസായി കൈകഴുയിരിക്കുകയാണ്.
താൻ നേരമ്പോക്കിനു പറഞ്ഞ കാര്യത്തെ എല്ലാവരും ചേർന്ന് വലിയ സംഭവമാക്കിയെന്നായിരുന്നു അദ്ദേഹം പരാതി. തമാശ പറഞ്ഞതാണെന്നും ആർക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞെങ്കിലും കോഹ്ലി ആരാധകർ വെറുതേ വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വേണം കരുതാൻ.
‘എന്തിനാണ് ആ പാവം അനുഷ്കയെ ഇതിലേക്ക് വലിച്ചിഴച്ചത്? സ്നേഹമുള്ള കുട്ടിയാണ് അവർ. വിരാട് കോഹ്ലി ബുദ്ധിയുള്ളവനാണ്. നല്ലൊരു മനുഷ്യജീവിയാണ് അനുഷ്ക. അനുഷ്കയും വിരാടും മാതൃകാദമ്പതികളാണ്. എന്റെ ദേഷ്യം മുഴുവ സെലക്ടർമാരോടായിരുന്നു. അനുഷ്കയെ വിമർശിക്കുക എന്നതായിരുന്നില്ല ലക്ഷ്യം. എങ്കിലും എന്റെ വാക്കുകൾ അനുഷ്കയ്ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’- ഫാറൂഖ് എൻജിനീയർ പറഞ്ഞു.