കരിയറിലെ ഏറ്റവും വിഷമകരമായ നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. സ്വയം പഴിക്കുകയും മാനസികമായി ഏറെ തകരുകയും ചെയ്ത നിമിഷങ്ങളായിരുന്നു അതെന്ന് രോഹിത് പറഞ്ഞു. 2011 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ സാധിക്കാതിരുന്നതാണ് തന്നെ ഏറെ തളര്‍ത്തിയതെന്ന് രോഹിത് പറഞ്ഞു. മറ്റാരെയും പഴിക്കാനില്ലെന്നും സ്വന്തം വീഴ്ചകള്‍ തന്നെയാണ് അതിനു കാരണമെന്നും രോഹിത് പറഞ്ഞു.
2007 ല്‍ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ അരങ്ങേറിയ രോഹിത് ശര്‍മ ആ വര്‍ഷം ടി 20 ലോകകപ്പ് നേടിയ ടീമില്‍ ഭാഗമായിരുന്നു. എന്നാല്‍, മികച്ച തുടക്കം ലഭിച്ചിട്ടും അത് തുടരാന്‍ രോഹിത്തിന് സാധിച്ചില്ല. അതുകൊണ്ടാണ് 2011 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാതിരുന്നത്. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കരിയറില്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ രോഹിത് വിവരിച്ചത്.
'അതൊരു മോശം സമയമായിരുന്നു. ടീമിന് വേണ്ടി ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന് ആലോചിച്ച് നിരാശ തോന്നി. സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക് മുന്നിലാണ് നമ്മള്‍ കളിക്കേണ്ടത്. ആ ലോകകപ്പ് നേടാന്‍ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ആ ടീമില്‍ ഭാഗമാകാനും ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യാനും ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. വേറെ ആരെയും അല്ല ഞാന്‍ കുറ്റപ്പെടുത്തുന്നത്. ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയതില്‍ ഞാന്‍ എന്നെ തന്നെയാണ് പഴിക്കുന്നത്. ടീമില്‍ ഇടം പിടിക്കാന്‍ ആവശ്യമായതൊന്നും എന്നില്‍ നിന്ന് ഉണ്ടായിക്കാണില്ല. ആ അനുഭവം എനിക്ക് സ്വയം നന്നാകാനുള്ള അവസരമായിരുന്നു. ഞാന്‍ സ്വയം കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമങ്ങള്‍ നടത്തി. ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു,' രോഹിത് പറഞ്ഞു.