ഫിറ്റ്നസിന്റെ കാര്യത്തിൽ ഇന്ന് ലോകത്ത് ഏത് ടീമുമായും കിടപിടിക്കാവുന്ന ടീമാണ് ഇന്ത്യ. മൈതാനങ്ങളിലെ അലസമായ ഫീൽഡിങ് രീതികളിൽ നിന്ന് ടീമിനെ അടിമുടി മാറ്റിയതാകട്ടെ ഫിറ്റ്‌നസിന് ഇന്ത്യൻ നായകൻ വിരാട് കോലി നൽകുന്ന പ്രാധാന്യവും. ഇപ്പോളിതാ ഫീൽഡിൻ തന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായകമായത് ഇന്ത്യൻ നായകൻ വിരാട് കോലിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ.
ഫിറ്റ്‌നസിന്റെ കാര്യത്തിലെ നിർബന്ധബുദ്ധിയാണ് തന്റെ ഫീൽഡിങ് മികവിന്റെ അടിസ്ഥാനമെന്നാണ് ജഡേജ പറയുന്നത്. ഫിറ്റായി ഇരിക്കേണ്ടതിന്റെ പ്രാധാന്യം എനിക്ക് മനസിലാക്കി തന്നത് വിരാട് കോലിയാണ്. ഞാൻ ലോകത്തിലെ മികച്ച ഫീൽഡർമാരിൽ ഒരാളാണ്. എന്നാലും ഒന്നിനെയും ഞാൻ നിസാരമായി കാണുന്നില്ല.
കളി സ്വയം മെച്ചപ്പെടുത്തുന്നതിനും ഫിറ്റ്‌നസ് നിലനിർത്താനുമായി ഞാൻ നിരന്തരം പരിശീലിക്കുന്നു. തോളുകളുടെ ആയാസത്തിനായി പ്രത്യേകം വ്യായാമം ചെയ്യുന്നു. സ്വയം ഫിറ്റാവുന്നതിനൊപ്പം മറ്റുള്ള സഹതാരങ്ങൾക്കും അതിന്റെ പ്രാധാന്യം മനസിലാക്കി നൽകിയത് കോലിയാണ്. ടീം മൊത്തമായി ഫിറ്റ്‌നസ് നിലവാരത്തിൽ ഉയർന്നെങ്കിൽ അതിന് കാരണം കോലിയാണ്. ഇതിന്റെ ഗുണം നിങ്ങൾക്ക് ഇപ്പോൾ മൈതാനത്ത് കാണാൻ സാധിക്കും. ജഡേജ പറഞ്ഞു.