ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റെടുത്ത ഗൗതം ഗംഭീറിനെ വാഴ്ത്തി മുന്‍ പരിശീലകനായ രവി ശാസ്ത്രി. നാളെ തുടങ്ങാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് ഗംഭീറിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി ഇറങ്ങുന്നത്. 3 ടി20 മത്സരങ്ങളും ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഇതിനിടെയാണ് ഗംഭീറിനെ പ്രശംസിച്ചുകൊണ്ട് രവി ശാസ്ത്രി രംഗത്ത് വന്നത്.
ഗംഭീറിനെ എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന് മുന്നില്‍ പക്വതയുള്ള ഒരു ടീമുണ്ട്. അദ്ദേഹത്തിന് മുന്നില്‍ പുതിയ ആശയങ്ങള്‍ ഉണ്ടായിരിക്കാം. പരിശീലനത്തില്‍ ചെറുപ്പമാണ് ഗംഭീര്‍. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഫലവത്താകാന്‍ സാധിക്കുമായിരിക്കും. കാരണം കളിക്കുന്നതെല്ലാം അദ്ദേഹത്തിന് ചുറ്റുമുള്ള താരങ്ങളാണ്. പ്രത്യേകിച്ച് ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍. കൂടാതെ ഐപിഎല്ലില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പരിചയവും ഗംഭീറിനുണ്ട്. തന്റെ താരങ്ങളെ മനസിലാക്കുക എന്നത് മാത്രം ചെയ്താല്‍ മതിയാകും. ഗംഭീറിന്റെ കീഴില്‍ ഇന്ത്യ എങ്ങനെ മുന്നോട്ട് പോകുന്നു എന്നതറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. രവി ശാസ്ത്രി പറഞ്ഞു.