ടി20 ലോകകപ്പ് വിജയത്തിന് ശേഷം പുതിയ പരിശീലകന് കീഴില്‍ ആദ്യമായുള്ള പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. രോഹിത് ശര്‍മ,വിരാട് കോലി,രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിച്ചതിനാല്‍ തന്നെ ടി20 മത്സരങ്ങളിലെ പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ ടി20 ടീമിലുണ്ട്. റിഷഭ് പന്ത് വിക്കറ്റ് കീപ്പറാകുന്ന പരമ്പരയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാകും ഗംഭീര്‍ സഞ്ജുവിനെ കളിപ്പിക്കുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.
അങ്ങനെയെങ്കില്‍ വിരാട് കോലി ഉപേക്ഷിച്ച് പോകുന്ന ടീമിന്റെ വണ്‍ ഡൗണ്‍ പൊസിഷനിലേക്കാകും സഞ്ജുവിനെ പരിഗണിക്കുക. ഐപിഎല്ലില്‍ സഞ്ജു തിളങ്ങിയിട്ടുള്ളത് ടോപ് ഓര്‍ഡര്‍ പൊസിഷനിലാണ് എന്നുള്ളതും സാഹചര്യത്തിന് അനുസൃതമായി ആങ്കര്‍ ചെയ്യാന്‍ സഞ്ജുവിനാകും എന്നതും സഞ്ജുവിന് അനുകൂല ഘടകങ്ങളാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ മൂന്നാമനായി ഇറങ്ങിയെങ്കിലും പന്തിനെ പഴയ പൊസിഷനായ അഞ്ചാം നമ്പറില്‍ തന്നെയാകും ഗംഭീര്‍ ഇറക്കുക. ടി20 ലോകകപ്പില്‍ മൂന്നാം നമ്പറില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല പന്ത് നടത്തിയത്.
ശനിയാഴ്ച നടക്കുന്ന ആദ്യ ടി20 മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യന്‍ സംഘം ഇറങ്ങുക. കോലി,രോഹിത്,ജഡേജ എന്നിവര്‍ വിരമിച്ച ശേഷമുള്ള ആദ്യ മത്സരം, പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യമത്സരം എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ഈ മത്സരത്തിനുണ്ട്.