ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ നേരിടാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഘ. യുഎഇക്കെതിരായ മത്സരത്തില്‍ 41 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ നായകന്റെ പ്രതികരണം. ഏത് വിധത്തിലുള്ള വെല്ലുവിളിക്കും തയ്യാറാണെന്നും ഏത് ടീമിനെതിരെയും വിജയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നുമാണ് യുഎഇക്കെതിരായ മത്സരത്തിന് പിന്നാലെ പാക് നായകന്‍ പ്രതികരിച്ചത്.
അതേസമയം പാക് ടീമിന്റെ മിഡില്‍ ഓര്‍ഡറിന്റെ പ്രകടനത്തില്‍ സല്‍മാന്‍ ആഘ ആശങ്ക പ്രകടിപ്പിച്ചു. ടീം 150 റണ്‍സ് നേടുന്നുണ്ടെങ്കിലും മധ്യ ഓവറുകളില്‍ ബാറ്റിംഗ് മെച്ചപ്പെടുത്താനായാല്‍ 170-180 റണ്‍സ് നേടാന്‍ ടീമിനാകുമെന്നാണ് സല്‍മാന്‍ ആഘ വ്യക്തമാക്കിയത്. അതേസമയം കഴിഞ്ഞ 2 മത്സരങ്ങളിലും മികച്ച പ്രകടനം നടത്താന്‍ പാക് ബാറ്റിംഗ് നിരയ്ക്കായിട്ടില്ല. ടീം ഏറെ പ്രതീക്ഷ വെയ്ക്കുന്ന യുവതാരമായ സൈം അയൂബ് കഴിഞ്ഞ 2 മത്സരങ്ങളിലും ഡക്കായാണ് മടങ്ങിയത്. മധ്യനിരയിലും കാര്യമായ റണ്‍സ് എടുക്കാന്‍ കഴിയാത്ത പാക് നിരയെ പലപ്പോഴും വാലറ്റക്കാരാണ് ഭേദപ്പെട്ട ടോട്ടലിലെത്തിക്കുന്നത്.