ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ആരാധകർ എല്ലാം ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിലേക്ക് എത്തിചേർന്നിരിക്കയാണ്. കുട്ടിക്ക്രിക്കറ്റിൻ്റെ രാജാക്കന്മാർ ആരായിരിക്കും എന്ന് ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം തന്നെ ചിരവൈരികളായ പാകിസ്ഥാനുമായാണ്.
ടി20 ലോകകപ്പിൽ കഴിഞ്ഞ തവണ ഏറ്റ പരാജയം ഇന്ത്യയെ വലയ്ക്കുന്നുവെങ്കിലും ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം ഉയർത്തിയത് പാകിസ്ഥാനെ പരാജയപ്പെടുത്തികൊണ്ടായിരുന്നു എന്നത് ഇന്ത്യൻ ആരാധകരിൽ ഇന്നും രോമാഞ്ചം നൽകുന്നതാണ്. ടി20 ക്രിക്കറ്റിനെ രാജ്യത്ത് ജനപ്രിയമാക്കുന്നതിൽ 2007ലെ ആ കിരീട നേട്ടത്തിന് വലിയ പങ്കുണ്ട്. ഇപ്പോഴിതാ ആ ഫൈനലിൽ തങ്ങൾക്കേറ്റ തോൽവിയെ പറ്റി സംസാരിക്കുകയാണ് മുൻ പാക് താരം മിസ്ബ ഉൾ ഹഖ്.
അവസാന ഓവറിൽ ശ്രീശാന്തിൻ്റെ കൈപ്പിടിയിലൊതുങ്ങിയ ഷോട്ടിനെ പറ്റിയാണ് മിസ്ബ മനസ് തുറന്നത്. അവസാന നാല് പന്തിൽ ഒരു വിക്കറ്റ് ശേഷിക്കെ ആറ് റൺസ് വേണ്ടിയിരുന്നപ്പോഴാണ് മിസ്ബ നടത്തിയ റിവേഴ്സ് ലാപ് മുകളിലേക്ക് പോകുകയും അവസാനം മലയാളി താരം ശ്രീശാന്ത് അത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തത്. 2007ലെ ലോകകപ്പ് ഫൈനലിലെ തൻ്റെ ഷോട്ടിന് ശേഷം പാക് താരങ്ങൾ ആ ഷോട്ട് തന്നെ കളിക്കുന്നത് നിർത്തിയെന്നാണ് ഇതിനെ പറ്റി മിസ്ബ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഞാൻ അടിച്ച 15 ഫോർ ആരും ഓർക്കുന്നില്ല. എന്നാൽ എനിക്ക് പിഴച്ച ആ ഷോട്ട് ആളുകൾ മറക്കുന്നില്ല.മിസ് ബ പറയുന്നു. വസീം അക്രത്തിൻ്റെ ചോദ്യത്തിന് മറുപടിയായാണ് മിസ്ബ ഇക്കാര്യം പറഞ്ഞത്.