ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കോലിക്ക് തിളങ്ങാനായില്ലെങ്കിൽ ഓസ്ട്രേലിയ 4-0ന് ഇന്ത്യയെ തോൽപ്പിക്കുമെന്ന് ഓസീസ് മുൻ നായകൻ മൈക്കൽ ക്ലാർക്ക്. ആദ്യ ടെസ്റ്റിൽ കോലി ടീമിന് നൽകുന്ന താളമാകും സീരീസിൽ നിർണായകമാകുകയെന്നും ക്ലാർക്ക് പറഞ്ഞു.
ഏകദിന, ടി20 പരമ്പരകളിൽ കോലിക്ക് കീഴിൽ ടീമിന് മികവ് പുലർത്താനായില്ലെങ്കിൽ ടെസ്റ്റിൽ ഇന്ത്യ പ്രതിസന്ധിയിലാകും. അങ്ങനെയെങ്കിൽ 4-0 എന്ന നിലയിൽ ഇന്ത്യ തോൽക്കുമെന്നും ക്ലാർക്ക് പറയുന്നു.ഇന്ത്യ ടെസ്റ്റ് പരമ്പര ലക്ഷ്യം വെക്കുന്നുവെങ്കിൽ പരമ്പരയിൽ ഏറ്റവും നിർണായകമാവുക ജസ്പ്രീത് ബുമ്രയുടെ പ്രകടനമാകുമെന്നും ക്ലാർക് പറയുന്നു. ഡിസംബർ 17നാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇതിൽ ആദ്യ ടെസ്റ്റ് കഴിയുന്നതോടെ കോലി നാട്ടിലേക്ക് മടങ്ങും.
അതേസമയം 2018ൽ നിന്നും വ്യത്യസ്തമായി സ്മിത്തും വാർണറും ഉൾപ്പെടുന്ന ശക്തമായ ഓസീസ് നിരയ്ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. കോലി കൂടി ആദ്യ ടെസ്റ്റിന് ശേഷം മടങ്ങുന്നതോടെ ഇന്ത്യ കൂടുതൽ പ്രതിസന്ധിയിലാകാനാണ് സാധ്യത.