Sanju Samson: ഓപ്പണറായില്ല, പക്ഷേ കീപ്പറായി തകർത്തു, 2 തകർപ്പൻ ക്യാച്ചുകൾ, നിറഞ്ഞാടി സഞ്ജു
മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങാനായില്ലെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായി.
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഉപനായകനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയത് മുതല്‍ ടീമിലെ സഞ്ജു സാംസണിന്റെ സ്ഥാനത്തെ ചൊല്ലി ആശങ്കകള്‍ ശക്തമായിരുന്നു. ഓപ്പണിംഗ് റോള്‍ നഷ്ടമായ സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ അവസരമില്ലെന്നിരിക്കെ മധ്യനിരയില്‍ കളിക്കുന്ന ജിതേഷ് ശര്‍മയെയാകും ഇന്ത്യ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി പരിഗണിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏഷ്യാകപ്പിലെ യുഎഇക്കെതിരായ ആദ്യമത്സരത്തില്‍ സഞ്ജുവും പ്ലേയിങ് ഇലവനില്‍ ഭാഗമായി.
മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങാനായില്ലെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായി. മത്സരത്തില്‍ ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്ത് ഇടതുവശത്തേക്ക് ഫുള്‍ സ്‌ട്രെച്ച് ചെയ്ത് കൈയ്യിലൊതുക്കി ബൗണ്ടറി കടക്കാതെ തടഞ്ഞ സഞ്ജു തുടക്കത്തിലെ കൈയ്യടി നേടി. കുല്‍ദീപിന്റെ പന്തില്‍ എല്‍ബിഡബ്യു അപ്പീലിന് പിന്തുണ നല്‍കിയ സഞ്ജു ശിവം ദുബെയുടെ പന്തില്‍ ആസിഫ് ഖാനെ വിക്കറ്റിന് പിന്നില്‍ പറന്നുപിടിച്ച് മികവ് കാണിച്ചു.
ഇതിനിടെ ശിവം ദുബെയുടെ പന്തില്‍ ജനൈദ് സിദ്ധിഖിനെ സഞ്ജു റണ്ണൗട്ടാക്കിയെങ്കിലും റണ്ണപ്പിനിടെ ബൗളറുടെ അരയില്‍ തിരുകിയ ടവല്‍ താഴെ വീണതിനാല്‍ അമ്പയര്‍ ഡെഡ് ബോള്‍ വിളിക്കുകയായിരുന്നു. റിപ്ലേകളില്‍ ഇഞ്ച് വ്യത്യാസത്തില്‍ സിദ്ധിഖി ക്രീസിന് വെളിയിലാണെന്നത് വ്യക്തമായിരുന്നു.അടുത്ത ഓവറില്‍ കുല്‍ദീപിന്റെ പന്തില്‍ ഹൈദര്‍ അലിയുടെ അണ്ടര്‍ എഡ്ജ് കൈപ്പിടിയിലാക്കാനും സഞ്ജുവിനായി.