Abhishek Sharma: 'ജൂനിയര്‍ യുവരാജിന് സിക്‌സ് അടിക്കാന്‍ ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ച് വേണമായിരിക്കും'; വീണ്ടും നിരാശപ്പെടുത്തി അഭിഷേക് ശര്‍മ, എയറില്‍ കയറ്റി ആരാധകര്‍
കരിയറിലെ രണ്ടാം രാജ്യാന്തര മത്സരത്തില്‍ സിംബാബ്വെയ്‌ക്കെതിരെ അഭിഷേക് സെഞ്ചുറി നേടിയിരുന്നു
Abhishek Sharma: 'ജൂനിയര്‍ യുവരാജ്' എന്നു വാഴ്ത്തിയ ഇന്ത്യന്‍ ആരാധകര്‍ തന്നെ യുവതാരം അഭിഷേക് ശര്‍മയെ 'എയറില്‍' കയറ്റുന്നു. ട്വന്റി 20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടും മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതാണ് അഭിഷേകിനു വിനയായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ വെറും നാല് റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. ഒന്നാം ട്വന്റി 20 യില്‍ ആകട്ടെ എട്ട് പന്തുകള്‍ നേരിട്ട് നേടിയത് ഏഴ് റണ്‍സ് മാത്രം !
കരിയറിലെ രണ്ടാം രാജ്യാന്തര മത്സരത്തില്‍ സിംബാബ്വെയ്‌ക്കെതിരെ അഭിഷേക് സെഞ്ചുറി നേടിയിരുന്നു. അതിനുശേഷം റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയാണ് താരം. ഇതുവരെ കളിച്ച ഒന്‍പത് ട്വന്റി 20 ഇന്നിങ്‌സുകളില്‍ എട്ട് തവണയും വ്യക്തിഗത സ്‌കോര്‍ 20 കടത്താന്‍ അഭിഷേകിനു സാധിച്ചിട്ടില്ല. നാല് തവണയാണ് രണ്ടക്കം പോലും കാണാതെ പുറത്തായിരിക്കുന്നത്. 0(4), 100(47), 10(9), 14(11), 16(7), 15(11), 4(4), 7(8), 4(5) എന്നിങ്ങനെയാണ് അഭിഷേകിന്റെ ഇതുവരെയുള്ള രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിലെ പ്രകടനം.
ഐപിഎല്‍ 2024 സീസണില്‍ 16 കളികളില്‍ നിന്ന് 200 നു മുകളില്‍ സ്‌ട്രൈക് റേറ്റില്‍ 484 റണ്‍സാണ് അഭിഷേക് നേടിയത്. ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനം കണ്ടാണ് അഭിഷേകിനു ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നത്. ഐപിഎല്ലിലെ പോലെ ബാറ്റിങ് ട്രാക്കുകളില്‍ മാത്രം കളിക്കാനേ അഭിഷേകിനു സാധിക്കൂ എന്നാണ് ഇന്ത്യന്‍ ആരാധകരുടെ ഇപ്പോഴത്തെ വിമര്‍ശനം. യശസ്വി ജയ്‌സ്വാള്‍ തിരിച്ചെത്തിയാല്‍ അഭിഷേകിനു ഓപ്പണര്‍ സ്ഥാനം നഷ്ടമാകുമെന്നും ആരാധകര്‍ പറയുന്നു. മാത്രമല്ല ജയ്‌സ്വാള്‍ ഇല്ലെങ്കില്‍ തന്നെ ഋതുരാജ് ഗെയ്ക്വാദിനെ കളിപ്പിക്കുകയാണ് അഭിഷേകിനേക്കാള്‍ നല്ലതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ അറിയാത്തതാണ് അഭിഷേകിന്റെ ഏറ്റവും വലിയ പോരായ്മയായി ഇന്ത്യന്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.