ഒരു ശര്‍മ പോയാല്‍ നമുക്ക് വേറൊരു ശര്‍മയുണ്ട് ! സിംബാബ്വെയോട് പകരംവീട്ടി ഇന്ത്യ
ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി
സിംബാബ്വെയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 100 റണ്‍സ് ജയം. ആദ്യ മത്സരത്തില്‍ 13 റണ്‍സിനു തോറ്റതിന്റെ ക്ഷീണത്തിനു കൂറ്റന്‍ ജയത്തോടെ ഇന്ത്യ പരിഹാരം കണ്ടു. ഇതോടെ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 1-1 എന്ന നിലയിലായി. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 234 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സിംബാബ്വെയുടെ ഇന്നിങ്‌സ് 18.4 ഓവറില്‍ 134 ന് അവസാനിച്ചു. രാജ്യാന്തര അരങ്ങേറ്റത്തിലെ രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് കളിയിലെ താരം.
ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. എന്നാല്‍ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത അഭിഷേക് ശര്‍മ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. ടി20 യില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മയുടെ പകരക്കാരന്‍ ആകാന്‍ താന്‍ തന്നെയാണ് ഏറ്റവും നല്ല ചോയ്‌സ് എന്ന് അടിവരയിടുന്ന വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു അഭിഷേക് ശര്‍മയുടേത്. 47 പന്തില്‍ ഏഴ് ഫോറും എട്ട് സിക്‌സും സഹിതം 100 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. ഋതുരാജ് ഗെയ്ക്വാദ് 47 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 77 റണ്‍സും റിങ്കു സിങ് 22 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 48 റണ്‍സും നേടി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങില്‍ സിംബാബ്വെയ്ക്കു വേണ്ടി ഓപ്പണര്‍ വെസ്‌ലി മഥവീര 39 പന്തില്‍ 43 റണ്‍സ് നേടി ടോപ് സ്‌കോററായി. ലൂക് ജോങ്വെ 26 പന്തില്‍ 33 റണ്‍സെടുത്തു. ഇന്ത്യക്കായി ആവേശ് ഖാന്‍ മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാറിനും മൂന്ന് വിക്കറ്റ്. രവി ബിഷ്‌ണോയ് രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.