ഇന്ത്യ- സിംബാബ്വെ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഹരാരെയില്‍ ഇന്ത്യന്‍ സമയം നാലരയ്ക്കാണ് മത്സരം തുടങ്ങുക. ആദ്യ മത്സരത്തില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യന്‍ യുവനിര ആ നാണക്കേട് മാറ്റുന്നതിനായാകും ഇന്നിറങ്ങുന്നത്. ടി20 ലോകകപ്പ് കിരീടവിജയത്തിന് ശേഷം സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇന്നലെ നടന്ന ആദ്യ ടി20 മത്സരത്തില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആതിഥേയരായ സിംബാബ്വെ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി നായകന്‍ ശുഭ്മാന്‍ ഗില്ലും ഓള്‍ റൗണ്ടര്‍ താരമായ വാഷിങ്ങ്ടണ്‍ സുന്ദറും മാത്രമാണ് തിളങ്ങിയത്. റുതുരാജ് ഗെയ്ക്ക് വാദ്(7),ധ്രുവ് ജുറല്‍(6), റിയാന്‍ പരാഗ് (2) റണ്‍സിന് പുറത്തായപ്പോള്‍ റിങ്കു സിംഗിനും അഭിഷേക് ശര്‍മയ്ക്കും റണ്‍സൊന്നും തന്നെ നേടാനായില്ല. മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയ സിംബാബ്വെ നായകന്‍ സിക്കന്ദര്‍ റാസയും ടെണ്ടായ് ചറ്റേരയുമാണ് ഇന്ത്യയെ തകര്‍ത്തത്.