താണ്ഡവമാടി രോഹിത്; ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി 20 യില്‍ ആറ് വിക്കറ്റ് ജയം
രോഹിത് വെറും 20 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്നു
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി 20 മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. മഴ മൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടിയപ്പോള്‍ 7.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അത് മറികടന്നു.
നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. രോഹിത് വെറും 20 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്നു. ദിനേശ് കാര്‍ത്തിക്ക് രണ്ട് പന്തില്‍ 10 റണ്‍സ് നേടി വിജയറണ്‍ കുറിച്ചു. വിരാട് കോലി ആറ് പന്തില്‍ 11 റണ്‍സും കെ.എല്‍.രാഹുല്‍ ആറ് പന്തില്‍ 10 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സും എടുത്ത് പുറത്തായി. സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി.
നേരത്തെ ഓസീസിന് വേണ്ടി മാത്യു വെയ്ഡ് 20 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 43 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആരോണ്‍ ഫിഞ്ച് 15 പന്തില്‍ 31 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.
മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. ഞായറാഴ്ച നടക്കുന്ന മൂന്നാം മത്സരം നിര്‍ണായകമാകും. മൂന്നാം ടി 20 മത്സരത്തില്‍ ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.