ഏഷ്യാകപ്പിൽ നിറം മങ്ങിയതോടെ വലിയ രീതിയിലുള്ള വിമർശനമാണ് പാകിസ്ഥാൻ നായകൻ ബാബർ അസം ഏറ്റുവാങ്ങിയത്. ഏഷ്യാകപ്പിലെ 6 മത്സരങ്ങളിൽ നിന്നും 11.3 ശരാശരിയിൽ 68 റൺസ് മാത്രമായിരുന്നു ബാബർ നേടിയത്. ബാബർ നിറം മങ്ങിയതോടെ ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്ഥാൻ പരാജയപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തൻ്റെ ഫോം കണ്ടെത്തിയിരിക്കുകയാണ് പാക് സൂപ്പർ താരം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലായിരുന്നു ബാബറിൻ്റെ തിരിച്ചുവരവ്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം വിക്കറ്റുകളൊന്നും നഷ്ടമാകാതെയാണ് പാകിസ്ഥാൻ മറികടന്നത്.
203 റൺസ് ഓപ്പണിങ് കൂട്ടുകെട്ടുമായി റെക്കോർഡ് സൃഷ്ടിക്കാനും പാക് ഓപ്പണർമാർക്കായി. 66 പന്തിൽ നിന്നും 11 ഫോറും 5 സിക്സുമായി 110 റൺസ് നേടിയ ബാബറിനൊപ്പം 51 പന്തിൽ നിന്നും 5 ഫോറും നാല് സിക്സും നേടിയ മുഹമ്മദ് റിസ്വാൻ 88 റൺസും നേടി പുറത്താകാതെ നിന്നു. അർധശതകത്തിൽ നിന്നും സെഞ്ചുറിയിലേക്കെത്താൻ 23 പന്തുകൾ മാത്രമാണ് ബാബറിന് വേണ്ടിവന്നത്. ഇതോടെ ടി20യിൽ പാകിസ്ഥാനായി 2 സെഞ്ചുറികൾ നേടുന്ന ആദ്യ താരമായി ബാബർ മാറി.