ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് ടൂർണമെന്റിലെ ടോപ് ഫേവറേറ്റുകളായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും. ഐപിഎല്ലിന് വേദിയായ യുഎഇയിൽ തന്നെ നടക്കുന്ന ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തീർത്തും വിപരീതമായ കാര്യമാണ് സംഭവിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടു എന്നത് മാത്രമല്ല യാതൊരു പോരാട്ടവും കാഴ്‌ചവെക്കാതെയായിരുന്നു ഇന്ത്യൻ തോൽവി എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.
ഐപിഎല്ലിലെ രീതി ലോകകപ്പിലേക്കും നീണ്ടു എന്നതാണ് പരാജയത്തിന് ഒരു കാരണമായി ചൂണ്ടികാണിക്കുന്നത്. വലിയ കൂട്ടുക്കെട്ടുകൾ സൃഷ്ടിക്കാതെ കൂറ്റൻ അടികൾക്ക് ശ്രമിക്കാൻ ഇത് കളിക്കാരെ പ്രേരിപ്പിച്ചു. സിംഗിളുകളിലൂടെയും ഡബിൾസുകളിലൂടെയും റൺറേറ്റ് ഉയർത്താനും ഇന്ത്യൻ താരങ്ങൾക്കായില്ല.
ടോസ് ആണ് ഇന്ത്യൻ തോൽവിയിൽ നിർണായകമായ മറ്റൊരു ഘടകം. മഞ്ഞ് വീഴ്‌ച രണ്ടാമത് ബാറ്റ് ചെയ്യുന്നതിനെ എളുപ്പമാക്കും എന്നതിനാൽ യുഎഇയിലെ മത്സരങ്ങളിൽ ടോസ് നിർണായകമായിരുന്നു. എന്നാൽ രണ്ട് വട്ടവും ടോസ് ഭാഗ്യം ഇന്ത്യയിൽ നിന്ന് അകന്ന് നിന്നു. ലോകകപ്പിന് മുൻപ് വേറെ സീരീസുകൾ ഒന്നും തന്നെ കളിക്കാതിരുന്നതിനാൽ ടീമിലെ താരങ്ങളുടെ പൊസിഷനെ പറ്റി അനിശ്ചിതത്വം ഉണ്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
രണ്ട് ഓപ്പണിങ് ജോഡികളെയാണ് ലോകകപ്പിൽ ഇന്ത്യ പരീക്ഷിച്ചത്. മധ്യനിര താരങ്ങളിൽ പഴയ യുവരാജ്,റെയ്‌ന,ധോണി ത്രയം പോലെ വിശ്വസിക്കനാവുന്ന താരങ്ങൾ ഇല്ലാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഫിറ്റ്‌നസ് സംശയത്തിലുള്ള ഹാര്‍ദിക് പാണ്ഡ്യയെച്ചൊല്ലി അവസാനനിമിഷംവരെയുണ്ടായ ആശയക്കുഴപ്പവും തിരിച്ചടിയായി.
ടെലിവിഷൻ കാണികളുടെ സൗകര്യം പരിഗണിച്ച് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും രാത്രി 7:30നാണ്. മഞ്ഞ് വീഴ്‌ച്ച കൂടുതലുള്ള ഈ സമയത്ത് ടോസ് എന്നത് ഏറെ നിർണായകമായി. മത്സരങ്ങളിൽ ഇന്ത്യയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന മുൻനിര തീർത്തും നിരാശപ്പെടുത്തിയതും ടീമിനെ തളർച്ചയിലേക്ക് നയിച്ചു.