ഡൽഹി കൈവിട്ടു; ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ ബംഗ്ളാദേശിന് ചരിത്രവിജയം
എട്ടു ഫോറുകൾ നേടിയ മുഷ്‌ഫിഖുർ സിക്സറോട് കൂടിയാണ് മത്സരം അവസാനിപ്പിച്ചത്.
ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്കെതിരെ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഡൽഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ബംഗാൾ കടുവകളുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ശിഖർ ധവാന്റെ ബാറ്റിംഗ് മികവിൽ (41)ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് നേടിയത്. ഇന്ത്യ ഉയർത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് പന്തുകൾ ശേഷിക്കെ മത്സരം സ്വന്തമാക്കുകയായിരുന്നു. 43 പന്തിൽ 60 റൺസുമായി പുറത്താകാതെ നിന്ന മുഷ്ഫിഖുർ റഹീമാണ് ബംഗ്ലദേശിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.എട്ടു ഫോറുകൾ നേടിയ മുഷ്‌ഫിഖുർ സിക്സറോട് കൂടിയാണ് മത്സരം അവസാനിപ്പിച്ചത്.
വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മ നായകനായ മത്സരത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ട്വന്റി20 മൽസരങ്ങൾ കളിച്ചിട്ടുള്ള താരമെന്ന റെക്കോർഡ് മഹേന്ദ്ര സിങ് ധോണിയിൽ നിന്നും(98) രോഹിത് ശർമ സ്വന്തമാക്കിയെങ്കിലും മത്സരത്തിൽ 9 റൺസ് മാത്രമേ നേടുവാൻ സാധിച്ചുള്ളു. ഒപ്പം ബംഗ്ലാദേശിനെതിരെ ആദ്യമായി ടി20യിൽ പരാജയപ്പെട്ട ഇന്ത്യൻ നായകൻ എന്ന നാണക്കേടും രോഹിത്തിന് സ്വന്തമായി. മലയാളിതാരം സഞ്ജു സാംസൺ ബംഗ്ലാദേശിനെതിരെയുള്ള ആദ്യമത്സരത്തിൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല.
ഇന്ത്യാ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം മത്സരം നവംബർ ഏഴിന് രാജ്കോട്ടിലാണ് നടക്കുക. മൂന്നാം മത്സരം നവംബർ 10ന് നാഗ്പൂരിൽ നടക്കും.