ലോർഡ്‌സിൽ ഏഴുവർഷത്തിന് ശേഷം വീണ്ടും വെന്നികൊടി നാട്ടിയിരിക്കുകയാണ് ഇന്ത്യൻ ടീം. എന്നാൽ ഇത്തവണത്തെ വിജയത്തിന്റെ ആവേശം ഇരട്ടിയാണ്. കളിക്കളത്തിൽ ഇരു ടീമുകളും തമ്മിൽ കൊമ്പുകോർക്കുകയും ഒപ്പത്തിനൊപ്പം നിന്ന് പോരാടുകയും ചെയ്ത കഥയാണ് ഇത്തവണത്തേത് എന്നതാണ് ഇന്ത്യൻ വിജയത്തിന്റെ മധുരം ഇരട്ടിപ്പിക്കുന്നത്.
അഞ്ചാം ദിനം തുടങ്ങുമ്പോൾ പൂർണമായും ഇംഗ്ലണ്ടിന്റെ കയ്യിലുണ്ടായിർഉന്ന മത്സരം ഇംഗ്ലണ്ട് കൈവിടുകയാണുണ്ടായത്. അതിന് കാരണമായതാകട്ടെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് സ്റ്റാർ പേസർ ആൻഡേഴ്‌സണിനെതിരെ ഇന്ത്യയുടെ ജസ്‌പ്രീത് ബുമ്ര നടത്തിയ പേസ് ബാഗേജ്.
അഞ്ചാം ദിനം തുടക്കത്തിൽ തന്നെ ജഡേജയെയും റിഷഭ് പന്തിനെയും പവലിയനിലേക്ക് മടക്കിയയച്ച ഇംഗ്ലണ്ട് ബൗളർമാർ പിന്നീട് വിക്കറ്റ് എടുക്കാൻ ശ്രമിക്കുകയല്ല ഉണ്ടായത്. മറിച്ച് ആൻഡേഴ്‌സണിന് നേരെയുണ്ടായ അടിക്ക് തിരിച്ചടി നൽകാനാണ് ഇംഗ്ലണ്ട് ശ്രമിച്ചത്. ബൗൺസറുകൾ എറിഞ്ഞ് ബുമ്രയെ പുറത്താക്കാൻ മാത്രമാണ് ഇംഗ്ലണ്ട് ശ്രമിച്ചത്.
2 വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ഫീൽഡ് നിയന്ത്രണങ്ങൾ പോലും ഇംഗ്ലണ്ട് വരുത്തിയില്ല. സ്ലിപ്പിലും ക്യാച്ച് പൊസിഷനുകളിൽ പോലും ഫീൽഡർമാരെ വെക്കാതെ ഇംഗ്ലണ്ട് തങ്ങളുടെ ദുരന്തത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു.ഇതിനിടെ ഷമി ബാറ്റിങ് താളം കണ്ടെത്തിയതോടെ ഇംഗ്ലണ്ടിന് കാര്യങ്ങൾ കൈവിടുകയായിരുന്നു. ബുമ്രയും ഷമിയും ചേർന്ന് ഇംഗ്ലണ്ടിന്റെ ആത്മവീര്യം തച്ചുടച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് താരങ്ങളുടെ ബാറ്റിങ്ങിലും അത് പ്രകടമായി.