പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, വിരാട് കോഹ്‌ലിയെന്ന സൂപ്പര്‍നായകനെ എന്നും വെല്ലുവിളിച്ച ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്ത് ഇന്ത്യന്‍ ക്യാപ്‌റ്റനെ മറികടന്നു. താന്‍ അഭിമാന നേട്ടമായി കൊണ്ടുനടന്ന ടെസ്‌റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്ക് കോഹ്‌ലിയില്‍ നിന്ന് സ്‌മിത്ത് പിടിച്ചെടുത്തു.
ആഷസ് പോരാട്ടത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് സ്‌മിത്തിന് നേട്ടമായത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ആദ്യ പന്തില്‍ പുറത്തായതോടെയാണ് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
കോഹ്‌ലിയും സ്‌മിത്തും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസമാണുള്ളത്. ആഷസിനെ നാലാം ടെസ്‌റ്റില്‍ മികവ് തുടര്‍ന്നാണ് ഓസീസ് താരത്തിന് ലീഡുയുര്‍ത്താം. കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസനാണ് റാങ്കിംഗില്‍ മൂന്നാമത്.
2015 ഡിസംബര്‍ മുതല്‍ ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു സ്‌മിത്ത്. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിനെ തുടര്‍ന്ന് റാങ്കിംഗില്‍ സ്‌മിത്ത് താഴേക്ക് പോവുകയായിരുന്നു.
ബോളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ താരം പറ്റ് കമ്മിന്‍സാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ സൂപ്പര്‍ബോളര്‍ ജസ്‌പ്രിത് ബുമ്ര മൂന്നാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ വിന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനത്ത് എത്തി.