പൊതുവേ കൂൾ തലയെന്നാണ് ധോണിയെ വിളിക്കുന്നത്. എന്നാൽ, കൂൾ ആയ ധോണിയും കലിപ്പ് ഭാവം കാണിച്ചിട്ടുണ്ട്. ദേഷ്യം വരുമ്പോൾ ധോണി മറ്റൊരാളാകും. ധോണിക്ക് ആരാധകർ ചാർത്തി നൽകിയ നാമമാണ് ക്യാപ്റ്റൻ കൂൾ. മികച്ച പ്രകടനം കാഴ്ച വെച്ചത് കൊണ്ട് മാത്രം ലഭിച്ചതല്ല ആ പേര്. കളിക്കളത്തിൽ എംഎസ് ധോണി ക്ഷുഭിതനാകുന്നത് അപൂർവ്വം മാത്രമാണ്. എന്നാൽ, എന്ത് പ്രതിസന്ധിയും വളരെ സൌമ്യമായി കൈക്കാര്യം ചെയ്യുന്ന അദ്ദേഹത്തിന് ചിലപ്പോഴൊക്കെ അങ്ങനെ ‘കൂൾ’ ആകാൻ സാധിക്കാറില്ല.
സ്ഥിരം തണുപ്പൻ ശൈലി ധോണി ഉപേക്ഷിച്ച 4 സംഭവങ്ങളുണ്ടായിട്ടുണ്ട്. രണ്ട് തവണ കുൽദീപും ധോണിയുടെ ‘കലിപ്പ്’ സ്വഭാവം അറിഞ്ഞിട്ടുണ്ട്. 2017ലെ ഇന്ത്യ -ശ്രീലങ്ക ട്വിന്റി 20 മത്സരത്തിലാണ് ധോണിയുടെ നിയന്ത്രണം വിടുന്നത് ആദ്യമായി ക്രിക്കറ്റ് ലോകം കാണുന്നത്.
ശ്രീലങ്കൻ ബാറ്റ്സ്മാന്മാർ കുൽദീപിനെ തലങ്ങും വിലങ്ങും ബൌണ്ടറിയടിച്ചതോടെ ഫീൽഡിംഗിൽ മാറ്റം വരുത്തണോയെന്ന് ധോണി കുൽദീപിനോട് ചോദിക്കുന്നു. വേണ്ടെന്ന് അതേ രീതിയിൽ കുൽദീപും മറുപടി നൽകുന്നു. എന്നാൽ, ഈ മറുപടി ധോണിയെ പ്രകോപിതനാക്കി.’ എനിക്ക് തലയ്ക്ക് സുഖമില്ലെന്നാണോ കരുതുന്നത്? 300 ഏകദിനങ്ങൾ കളിച്ചിട്ടുള്ളയാളാണ് ഞാൻ’ എന്ന് ധോണി കുൽദീപിനോട് തട്ടിക്കയറി. ഏഷ്യാ കപ്പിനു ശേഷം കുൽദീപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2018ൽ ഏഷ്യ കപ്പിലെ ഇന്ത്യൻ - അഫ്ഗാനിസ്ഥാൻ മത്സരത്തിനിടയിലും ധോണിയുടെ കലിപ്പ് സ്വഭാവം അറിഞ്ഞത് കുൽദീപ് ആയിരുന്നു. അഫ്ഗാനിസ്ഥാൻ ബാറ്റ്സ്മാന്മാർ വെടിക്കെട്ട് ബാറ്റിംഗ് നടത്തുന്നത് കണ്ട ബോളർ കുൽദീപ് ഫീൽഡിംഗ് പൊസിഷൻ മാറ്റാൻ ധോണിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ ‘ബോൾ എറിയുന്നോ, അതോ ബോളറെ മാറ്റണോ? എന്ന് ധോണി കുൽദീപിന് ചൂടൻ മറുപടി നൽകുകയായിരുന്നു. ഇത് സ്റ്റംപ് മൈക്രോഫോണിലും പതിഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്. മത്സരം അന്ന് ടൈയാവുകയായിരുന്നു.
മൂന്നും നാലും ഐ പി എൽ മത്സരത്തിനിടെയായിരുന്നു. ചെന്നൈ - പഞ്ചാബ് മത്സരത്തിനിടെ ചെന്നൈ പേസർ ദീപക് ചാഹറിന്റെ 19 ആം ഓവർ. ആദ്യ രണ്ട് പന്ത് നോബോൾ എറിഞ്ഞ ചാഹർ ഫ്രീ ഹിറ്റിൽ ബൌണ്ടറിയും വഴങ്ങി. ഇത് കണ്ട് ക്ഷുഭിതനായി ധോണി ചാഹറിനരികിലേക്ക് വരുന്നു. ധോണിയുടെ കോപം കണ്ട്, ഞെട്ടലോടെ തലതാഴ്ത്തി ഭയന്ന് പിന്നോട്ട് മാറുന്ന ചാഹറിനെ കണ്ടതോടെ ധോണി പെട്ടന്ന് തണുത്തു. ശേഷം ധോണിയുടെ ഉപദേശപ്രകാരം പന്തെറിഞ്ഞ ചാഹർ ഡേവിഡ് മില്ലറുടെ വിക്കറ്റെടുക്കുകയായിരുന്നു.
രാജസ്ഥാൻ - ചെന്നൈ മതസരത്തിനിടെയായിരുന്നു നാലാമത്തെ സംഭവം. കഴിഞ്ഞ മൂന്ന് തവണയും ധോണിയുടെ ചൂടറിഞ്ഞത് സഹതാരങ്ങളായിരുന്നുവെങ്കിൽ ഇത്തവണ അംപയർ ആയിരുന്നു. ചെന്നൈ ബാറ്റിങിനിടെ ഫീൽഡ് അമ്പയർ വിളിച്ച നോ ബോൾ കണക്കിലെടുത്തില്ലെന്ന് ആരോപിച്ച് ക്യാമ്പിലേക്ക് തിരിച്ച് കയറിയ ധോണി ഫീൽഡിലേക്കിറങ്ങി അമ്പയറോട് ക്ഷുഭിതനാവുകയായിരുന്നു. ചട്ടലംഘനത്തിന് ധോണിക്ക് പിഴ വിധിച്ചിരുന്നു.