ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നവരുടെ സാധ്യതാ പട്ടിക പുറത്തുവിട്ടു. ഇന്ത്യയിൽ നിന്നുള്ള ഒരൊറ്റ താരവും ഐസിസിയുടെ നാലംഗ ചുരുക്കപ്പട്ടികയിൽ ഇടം നേടിയില്ല.പാകിസ്താന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനാണ് ഈ വര്‍ഷത്തെ മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരത്തിനായി ലിസ്റ്റിലുള്ള ആദ്യ താരം.
ഈ വർഷം 29 ടി20 മത്സരങ്ങളിൽ നിന്ന് 73.66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 1326 റണ്‍സാണ് റിസ്‌വാൻ അടിച്ചെടുത്തത്. ഒരു സെഞ്ചുറിയുൾപ്പടെയാണ് താരത്തിന്റെ നേട്ടം. കൂടാതെ വിക്കറ്റിനു പിന്നില്‍ 24 പുറത്താക്കലുകളും റിസ്വാന്‍ നടത്തി.ശ്രീലങ്കയുടെ പുതിയ താരോദയമായി മാറിയ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് പുരസ്‌കാരപട്ടികയിലെ രണ്ടാമത്തെയാൾ.
20 മല്‍സരങ്ങളില്‍ നിന്നും 11.63 ശരാശരിയില്‍ 36 വിക്കറ്റുകളെടുത്ത ഹസരംഗ ഒരു ഫിഫ്റ്റിയടക്കം ബാറ്റിങില്‍ 196 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഐസിസി ലോകകപ്പിൽ ഒരു ഹാട്രിക്കുൾപ്പടെ 16 വിക്കറ്റുകളും താരം നേടി.ഓസ്‌ട്രേലിയയുടെ യുവ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷാണ് മികച്ച ടി20 താരമാവാന്‍ രംഗത്തുള്ള മൂന്നാമത്തേയാള്‍.
ഈ വര്‍ഷം 27 ടി20കളില്‍ നിന്നും 36.88 ശരാശരിയില്‍ 627 റണ്‍സ് മാര്‍ഷ് നേടിയിരുന്നു. 8 വിക്കറ്റുകളും താരം സ്വന്തമാക്കി. ടി20 ലോകകപ്പിൽ ഓസീസിനെ കന്നി ടി20 കിരീടനേട്ടത്തിലേക്ക് നയിച്ചത് മിച്ചെൽ മാർഷിന്റെ പ്രകടനമായിരുന്നു.ലോകകപ്പില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 61.66 ശരാശരിയില്‍ 146.82 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 185 റണ്‍സ് മാര്‍ഷ് നേടിയിരുന്നു.
ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറാണ് ലിസ്റ്റിലെ നാലാമത്തെയാൾ. ഈ വർഷം 14 ടി20കളില്‍ നിന്നും 65.44 ശരാശരിയില്‍ ഒരു സെഞ്ച്വറിയടക്കം 589 റണ്‍സാണ് ബട്‌ലറുടെ സമ്പാദ്യം. 13 പേരെ വിക്കറ്റിനു പിന്നില്‍ പുറത്താക്കാനും ബട്ട്‌ലറിന് കഴിഞ്ഞു.