നോ ബോളിന്റെ അയ്യരുകളി; ദേഷ്യം സഹിക്കാന്‍ കഴിയാതെ മുഖം പൊത്തി ഹാര്‍ദിക് പാണ്ഡ്യ, നിരാശപ്പെടുത്തി അര്‍ഷ്ദീപ് സിങ് (വീഡിയോ)
അത് വിക്കറ്റാണെന്ന് കരുതി എല്ലാവരും ആഘോഷം തുടങ്ങുമ്പോഴേക്കും നോ ബോള്‍ സൈറണ്‍ മുഴങ്ങി
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 16 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ശ്രീലങ്കയുടെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിക്കാന്‍ പ്രധാന കാരണം ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയ നോ ബോളുകളാണ്. ആകെ ഏഴ് നോ ബോളുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞത്. ഇതില്‍ അഞ്ച് നോ ബോളും എറിഞ്ഞത് അര്‍ഷ്ദീപ് സിങ് ആണ്.
ഇന്നിങ്‌സിലെ തന്റെ ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് സിങ് തുടര്‍ച്ചയായി മൂന്ന് നോ ബോളുകള്‍ വഴങ്ങി. മോശം ദിവസമാണെന്ന് മനസ്സിലാക്കിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യ ഓവറിന് ശേഷം അര്‍ഷ്ദീപിനെ പിന്‍വലിച്ചു. പിന്നീട് അര്‍ഷ്ദീപ് തന്റെ രണ്ടാം ഓവര്‍ എറിയാനെത്തുന്നത് ഇന്നിങ്‌സ് പൂര്‍ത്തിയാകുന്നതിനു ഒരോവര്‍ മുന്‍പാണ്. അപ്പോഴും അര്‍ഷ്ദീപ് പിഴവ് ആവര്‍ത്തിച്ചു. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ പുറത്താക്കിയ ബോളും നോ ബോള്‍ വിളിക്കുകയായിരുന്നു. ലോങ് ഓഫില്‍ ബൗണ്ടറിക്കരികില്‍ വെച്ച് സൂര്യകുമാര്‍ ക്യാച്ചെടുക്കുകയായിരുന്നു.
എന്നാല്‍ അത് വിക്കറ്റാണെന്ന് കരുതി എല്ലാവരും ആഘോഷം തുടങ്ങുമ്പോഴേക്കും നോ ബോള്‍ സൈറണ്‍ മുഴങ്ങി. അര്‍ഷ്ദീപ് എറിഞ്ഞത് ലൈന്‍ നോ ബോള്‍ ആയിരുന്നു. അര്‍ഷ്ദീപ് നോ ബോള്‍ പിഴവ് ആവര്‍ത്തിക്കുന്നത് കണ്ട് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ദേഷ്യം അടക്കാനായില്ല. വളരെ രൂക്ഷ ഭാവത്തില്‍ ഹാര്‍ദിക് മുഖം പൊത്തി പിടിച്ചു നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.