Virat Kohli: ഒരു കപ്പ് പോലുമില്ലാത്തവന്‍ രണ്ട് കപ്പ് നേടിയ ഗംഭീറിനോട് മുട്ടാന്‍ നില്‍ക്കുന്നു; കോലിക്ക് നാണമില്ലേ എന്ന് ലഖ്‌നൗ ആരാധകര്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയാണ് കോലിയും ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായത്
Virat Kohli: ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ ഗൗതം ഗംഭീറിനോട് കയര്‍ത്ത ആര്‍സിബി വിരാട് കോലിക്കെതിരെ വിമര്‍ശനവുമായി ലഖ്‌നൗ ആരാധകര്‍. ഗംഭീറിനെ പോലൊരു സീനിയര്‍ താരത്തോട് മോശമായി പെരുമാറാന്‍ കോലിക്ക് നാണമില്ലേ എന്നാണ് ലഖ്‌നൗ ആരാധകരുടെ ചോദ്യം. കൊല്‍ക്കത്തയെ രണ്ട് തവണ കിരീടം ചൂടിച്ച നായകനാണ് ഗംഭീര്‍ എന്നും ഐപിഎല്ലില്‍ ഒരു കിരീടം പോലുമില്ലാത്ത കോലി ഇപ്പോള്‍ കാണിക്കുന്നത് വെറും ഷോ ഓഫ് മാത്രമാണെന്നും ആരാധകര്‍ പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയാണ് കോലിയും ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഏക്നാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആര്‍സിബി 18 റണ്‍സിനാണ് ജയിച്ചത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്നൗ ആര്‍സിബിയെ തോല്‍പ്പിച്ചിരുന്നു. അന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബിയെ തോല്‍പ്പിച്ച ശേഷം ഗംഭീര്‍ നടത്തിയ ആഹ്ലാദപ്രകടനം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ആര്‍സിബി ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് വായ് മൂടി ആംഗ്യം കാണിക്കുകയായിരുന്നു ഗൗതം. ഇപ്പോള്‍ ഏക്നാ സ്റ്റേഡിയത്തില്‍ ലഖ്നൗവിനെതിരായ മത്സരം നടക്കുമ്പോള്‍ അതേ ആംഗ്യം തിരിച്ചുകാണിച്ചു കോലി. ഇവിടെ നിന്ന് പ്രശ്നങ്ങള്‍ രൂക്ഷമായി. കോലിയുടെ ആഹ്ലാദപ്രകടനം ഇഷ്ടമാകാതിരുന്ന ഗംഭീര്‍ മത്സരശേഷം അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ലഖ്നൗ താരമായ കെയ്ല്‍ മയേര്‍സ് മത്സരശേഷം വിരാട് കോലിയുടെ അടുത്തുവന്ന് സംസാരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട ഗംഭീര്‍ മയേര്‍സിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. കോലിയോട് സംസാരിക്കുന്നതില്‍ നിന്ന് മയേര്‍സിനെ വിലക്കാന്‍ ശ്രമിക്കുകയായിരുന്നു ഗംഭീര്‍. ഇത് പ്രശ്നം വഷളാക്കി. ഗംഭീറിന്റെ പ്രവൃത്തി കണ്ട കോലി തിരിച്ച് ദേഷ്യപ്പെട്ട് സംസാരിക്കാന്‍ തുടങ്ങി. ഇരുവരും നേര്‍ക്കുനേര്‍ വന്ന് സംസാരിക്കാന്‍ തുടങ്ങിയതോടെ സാഹതാരങ്ങള്‍ ഓടിയെത്തി പിടിച്ചുമാറ്റുകയായിരുന്നു.
ഒരു സീനയര്‍ താരത്തോട് കോലി പെരുമാറുന്ന രീതി ശരിയല്ലെന്നാണ് ലഖ്‌നൗ ആരാധകരുടെ വാദം. ഗംഭീറിനെ ചൊടിപ്പിക്കാനാണ് കോലി നോക്കുന്നതെന്നും ഇതൊക്കെ വെറും പ്രഹസനമാണെന്നും ലഖ്‌നൗ ആരാധകര്‍ വിമര്‍ശിക്കുന്നു. കോലി തന്നെയാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നതെന്നും ഗംഭീര്‍ ആരാധകര്‍ വിമര്‍ശിക്കുന്നു.