ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി മുന്‍ ഇന്ത്യന്‍ ഓപ്പണിംഗ് താരം ഗൗതം ഗംഭീറിനെ ബിസിസിഐ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായാല്‍ അത് കര്‍ക്കശക്കാരനായ ഏട്ടനെ പോലെയായിരിക്കുമെന്നും ടീമിനെ സീനിയര്‍ താരങ്ങള്‍ക്ക് ഇതിനോട് പൊരുത്തപ്പെടാനാകില്ലെന്നും ആകാശ് ചോപ്ര പറയുന്നു.
ഇന്ത്യന്‍ കോച്ചാകാന്‍ ഗംഭീര്‍ എന്തുകൊണ്ടും യോഗ്യനാണ്. ടീമിനെ എങ്ങനെ കെട്ടിപ്പടുക്കണെമെന്നും എങ്ങനെ നന്നായി കോണ്ടുപോകണമെന്നും അദ്ദേഹത്തിന് നന്നായി അറിയാം. അതിനാല്‍ തന്നെ ഇന്ത്യന്‍ കോച്ചാകാന്‍ യോജിച്ച ആളാണ്. ഇന്ത്യന്‍ ടീമില്‍ ഒരു വല്ല്യേട്ടനെ പോലെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഗംഭീറിനാകും.എന്നാല്‍ സീനിയര്‍ താരങ്ങളോട് അതേ രീതിയില്‍ പോയാല്‍ അത് ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഗംഭീര്‍ കോച്ചായാല്‍ സംഭവിക്കുന്നത് അതായിരിക്കും.
ഐപിഎല്ലില്‍ ലഖ്‌നൗ ടീം മെന്ററായിരുന്ന സമയത്ത് ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ ഗംഭീറിനായിരുന്നു. ഈ സീസണില്‍ കൊല്‍ക്കത്തയുടെ മെന്റര്‍ റോളാണ് താരം ചെയ്യുന്നത്. സീസണില്‍ കൊല്‍ക്കത്ത ഒന്നാമതായി പ്ലേ ഓഫിലെത്തുന്നതില്‍ ഗംഭീറിന്റെ റോള്‍ വലിയതാണെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഗംഭീറിനെ ഇന്ത്യന്‍ പരിശീലകനാകാന്‍ ബിസിസിഐ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വാര്‍ത്തകളോട് ബിസിസിഐയോ ഗംഭീറോ ഇതുവരെ പ്രതികരിച്ചിട്ടില്ല.