ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ വിജയത്തിന് പിന്നാലെ ഇതിഹാസതാരം മഹേന്ദ്ര സിംഗ് ധോനിയെ ആര്‍സിബി താരങ്ങള്‍ അപമാനിച്ചതായി കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെയും മുന്‍ ഇംഗ്ലണ്ട് താരമായ മൈക്കല്‍ വോണും. ധോനിയുടെ ക്രിക്കറ്റ് കരിയറിലെ തന്നെ അവസാന മത്സരമാകാന്‍ സാധ്യതയുള്ളപ്പോള്‍ ആര്‍സിബി താരങ്ങള്‍ അതിരുവിട്ട ആഘോഷമാണ് നടത്തിയതെന്നാണ് ഇരുവരും അഭിപ്രായപ്പെടുന്നത്. മത്സരശേഷമുള്ള ചാനല്‍ ചര്‍ച്ചയിലാണ് ഹര്‍ഷ ഭോഗ്ലെയും മൈക്കല്‍ വോണും ഇക്കാര്യം പറഞ്ഞത്.
ഐപിഎല്ലിന്റെ തുടക്കത്തിലെ 8 കളികളില്‍ ഏഴിലും പരാജയപ്പെട്ടതിന് ശേഷമാണ് ആര്‍സിബി ടൂര്‍ണമെന്റില്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ 17 റണ്‍സാണ് പ്ലേ ഓഫ് യോഗ്യത നേടാനായി ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. രവീന്ദ്ര ജഡേജയും എം എസ് ധോനിയും ക്രീസിലുണ്ടായിട്ടും ഈ ലക്ഷ്യത്തിലെത്താന്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നില്ല. മത്സരശേഷം ആര്‍സിബി ടീമംഗങ്ങള്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കാന്‍ നില്‍ക്കാതെ ധോനി മടങ്ങുകയും ചെയ്തിരുന്നു.
നിങ്ങള്‍ ലോകകപ്പ് നേടിയാല്‍ പോലും ഫൈനല്‍ മത്സരത്തീന് ശേഷം എതിരാളിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കണമെന്നും അതാണ് കളിയില്‍ പാലിക്കേണ്ട മര്യാദയെന്നും ഹര്‍ഷ ഭോഗ്ലെ പറഞ്ഞു. ധോനിയുടെ അവസാന മത്സരമാകാന്‍ പോലും സാധ്യതയുള്ളപ്പോള്‍ ആര്‍സിബി താരങ്ങള്‍ അദ്ദേഹത്തിന് ആദരം നല്‍കാന്‍ നില്‍ക്കാതെ വിജയം ആഘോഷിക്കാന്‍ പോയത് ശരിയായില്ലെന്ന് മൈക്കല്‍ വോണും പ്രതികരിച്ചു.