നാലാം ഇന്നിങ്ങ്സിൽ ഇന്ത്യ450 റൺസിന് മുകളിൽ വിജയലക്ഷ്യം വെയ്ക്കണമെന്ന് എവിടെയോ ഞാൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യയുമായുള്ള അഞ്ചാം ടെസ്റ്റ് മത്സരത്തിലെ വിജയത്തിന് ശേഷം ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിൻ്റെ വാക്കുകളാണിത്. തങ്ങൾക്ക് എന്താണ് ചെയ്യാൻ സാധിക്കുക എന്നത് തെളിയിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നാണ് സ്റ്റോക്സ് വ്യക്തമാക്കിയത്.
ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും അകരമണോത്സുകമായ സമീപനത്തിലൂടെ വിജയം നേടിയ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് സമവാക്യങ്ങളെ തിരുത്താനുള്ള ഒരുക്കത്തിലാണ്. ഇതോടെ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുകയാണ് ബാസ്ബോൾ എന്ന വാക്ക്. ഇന്ത്യയുമായുള്ള അഞ്ചാം ടെസ്റ്റിൽ 378 എന്ന നാലാം ഇന്നിങ്ങ്സിലെ വിജയലക്ഷ്യം വെറും 76.4 ഓവറിലായിരുന്നു ഇംഗ്ലണ്ട് ചെയ്സ് ചെയ്തത്. ന്യൂസിലൻഡിനെതിരെ 277,299,296 എന്നീ സ്കോറുകളും ഇംഗ്ലണ്ട് അനായാസമായി പിന്തുടർന്ന് ജയിച്ചിരുന്നു.
ടെസ്റ്റിൽ ഇംഗ്ലണ്ട് പുലർത്തുന്ന ഈ നിർഭയമായ സമീപനത്തിന് പിന്നിൽ ടീം കോച്ചായി സ്ഥാനമേറ്റ ബ്രണ്ടൻ മക്കല്ലത്തിൻ്റെ സാന്നിധ്യമാണെന്ന് കാണാം. കളിച്ചിരുന്ന കാലത്ത് നിർഭയമായ ക്രിക്കറ്റിൻ്റെ വക്താവായിരുന്ന മക്കെല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ സമീപനത്തെ തന്നെ അടിച്ചുവാർത്തിരിക്കുകയാണ്. മക്കെല്ലത്തിൻ്റെ നിക്ക്നെയിമായ ബാസ് എന്നത് ചേർത്താണ് ഇംഗ്ലണ്ടിൻ്റെ ടെസ്റ്റിലെ ഈ മാറ്റം ആരാധകർ ആഘോഷിക്കുന്നത്.
ബെൻ സ്റ്റോക്സ്, ബെയർസ്റ്റോ തുടങ്ങിയ താരങ്ങളുടെ വെടിക്കെട്ട് പ്രകടനങ്ങളാണ് ഇംഗ്ലണ്ടിന് മറ്റ് ടീമുകളിൽ നിന്നും വേർതിരിക്കുന്നത്. സമനിലകൾ ലക്ഷ്യമിട്ട് കളിക്കില്ലെന്നും ടെസ്റ്റ് ക്രിക്കറ്റിനെ തന്നെ അഴിച്ചുപണിയാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നതെന്നും പറയുന്നത് ടീം നായകൻ ബെൻ സ്റ്റോക്സാണ്. തുടരെ 4 വിജയങ്ങൾ ഈ സമീപനത്തിലൂടെ ഇംഗ്ലണ്ടിന് സാധിച്ചെങ്കിലും ബാസ്ബോൾ ടെസ്റ്റ് ഫോർമാറ്റിനെ തന്നെ മാറ്റി മറിക്കുമോ എന്നറിയാൻ അല്പം കൂടെ കാത്തിരിക്കേണ്ടതായി വരും.