ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് അവിശ്വസനീയമായ വിജയം. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. നേരത്തെ ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ ഉയർത്തിയ 416 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിങ്ങ്സ് വെറും 284 റൺസിൽ അവസാനിച്ചിരുന്നു.
എന്നാൽ രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യയെ 245 റൺസിൽ തളച്ചിട്ട് ഇംഗ്ലണ്ട് മത്സരത്തിലേക്ക് ശക്തമായി തിരികെ വരികയായിരുന്നു. നാലാം ഇന്നിങ്ങ്സിൽ 378 എന്ന ടെസ്റ്റ് ക്രിക്കറ്റിലെ വലിയൊരു ടാർജെറ്റ് മുന്നോട്ട് വെച്ചിട്ടും ഇംഗ്ലണ്ട് വിജയം കുറിച്ചത് ടെസ്റ്റിലെ സ്ഥിരം ഫോർമുലകളെ കാറ്റിൽ പറത്തിയാണ്. ഇന്ത്യ മുന്നോട്ട് വെച്ച വിജയലക്ഷ്യം മുന്നിൽ കണ്ട് ഓപ്പണർമാർ രണ്ടുപേരും അക്രമണോത്സുകമായ ഇന്നിങ്ങ്സ് കാഴ്ചവെച്ചതോടെ ഇംഗ്ലണ്ട് ആദ്യ വിക്കറ്റിൽ നേടിയത് നൂറിലേറെ റൺസ്.
ആദ്യ വിക്കറ്റിന് പിന്നാലെ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന ജോ റൂട്ട് ജോണി ബെയർസ്റ്റോ എന്ന ജോ ആൻഡ് ജോ സഖ്യം ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തി. ഒരിക്കൽ പോലും പ്രതിരോധത്തിലേക്ക് വലിയാതെ തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ച ഇരുവരും ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരിച്ചെത്താനുള്ള എല്ലാ സാധ്യതകളും അടച്ചു.
172 പന്തിൽ നിന്നും 142 റൺസുമായി ജോ റൂട്ടും 145 പന്തിൽ നിന്നും 114 റൺസുമായി ജോണി ബെയർസ്റ്റോയും പുറത്താവാതെ നിന്നു. അഞ്ചാം ദിനത്തിൽ ഇന്ത്യൻ ബൗളർമാർക്ക് ഒരു സാധ്യതയും നൽകാതെ അനായാസമായാണ് ഇരുവരും തങ്ങളുടെ ശതകങ്ങൾ തികച്ചത്.