മോശം ബാറ്റിങിനെ പറ്റി വിമർശനങ്ങൾ ശക്തമാകുമ്പോഴും ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ പ്രകടനത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ ഋഷഭ് പന്ത്. മത്സരത്തിൽ 9 പന്തുകൾ നേരിട്ട പന്ത് വെറും 6 റൺസാണ് നേടിയത്. ഇതിനിടെ കിട്ടുന്ന അവസരങ്ങളിലെല്ലാം പന്ത് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും പന്തിന് പകരം മലയാളി താരം സഞ്ചു സാംസണിന് അവസരം നൽകണമെന്നുള്ള ആവശ്യം സോഷ്യൽ മീഡിയകളിൽ ശക്തമായി.
പന്തിനെ വിമർശിക്കരുതെന്നും അദ്ദേഹത്തിന് കഴിവ് തെളിയിക്കാൻ അവസരം നൽകണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞിരുന്നുവെങ്കിലും ഇഷാൻ കിഷനേയും സഞ്ചുവിനേയും പോലെയുള്ള താരങ്ങൾ വെളിയിൽ നിൽക്കുമ്പോൾ പന്തിന് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്ന ടീം മാനേജ്മെന്റ് നടപടികളോട് യോജിക്കുവാൻ സാധില്ലെന്നാണ് ആരാധകരുടെ പക്ഷം.
നാഗ്പൂരിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ വളരെ അശ്രദ്ധമായാണ് പന്ത് തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞത്. പന്തിന്റെ പേസ് കൃത്യമായി മനസിലാക്കാൻ ശ്രമിക്കാതിരുന്ന ഋഷഭ് പന്ത് വമ്പനടിക്കുള്ള ശ്രമത്തിൽ ബൗൾഡ് ആവുകയായിരുന്നു. ബാറ്റിങിൽ മാത്രമല്ല വിക്കറ്റിന് പുറകിലും നിരാശപ്പെടുത്തുന്നതായിരുന്നു പന്തിന്റെ പ്രകടനം. ഇതോടെ പന്തിനെ മാറ്റി ധോണിയെ തിരികേ ടീമിലേക്ക് എത്തിക്കണമ്മെന്നുള്ള ആവശ്യങ്ങളും ഒരു ഭാഗത്ത് ശക്തമായിട്ടുണ്ട്. മത്സരത്തിൽ പലപ്പോളും ഗ്രൗണ്ടിൽ നിന്നും ധോണി ധോണി വിളികളും ഉയർന്നിരുന്നു.
പന്ത് ഇത്തരത്തിൽ തുടരെ നിരാശപ്പെടുത്തുമ്പോഴും ടീമിലുള്ള സഞ്ചുവിന് അവസരം നൽകാത്ത ടീം മാനേജ്‌മെന്റ് തീരുമാനം ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.