30 വർഷം പഴക്കമുള്ള സച്ചിൻ ടെൻഡുൾക്കറുടെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ വനിതാ ടീമിലേ കുട്ടിത്താരം ഷഫാലി വർമ. വെസ്റ്റ് ഇൻഡീസിനെതിരായുള്ള വനിതാ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു ഷഫാലിയുടെ മാസ്മരീകമായ പ്രകടനം. വെറും 49 പന്തിൽ 73 റൺസ് എടുത്ത ഷഫാലി അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരി എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. മത്സരത്തിൽ 15.3 ഓവറില്‍ ഷെഫാലി-സ്മൃതി മന്ദാന സഖ്യം 143 റൺസാണ് അടിച്ചെടുത്തത്. വനിതാ ടി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് കൂടിയാണിത്.
അന്താരാഷ്ട്രതലത്തിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് നേട്ടം ഇത്രയും കാലം ഇന്ത്യൻ ഇതിഹാസതാരമായ സച്ചിന്റെ പേരിലാണ് ഉണ്ടായിരുന്നത്. 1989ൽ പാകിസ്താനെതിരേ ഫൈസലാബാദിൽ അന്താരഷ്ട്രതലത്തിൽ അർധസെഞ്ചുറി നേടുമ്പോൾ സച്ചിന് 16 വയസ്സും 214 ദിവസവുമായിരുന്നു പ്രായം. എന്നാൽ 15 വയസ്സും 285 ദിവസവും പ്രായമുള്ളപ്പോളാണ് ഹരിയാനക്കാരിയായ ഷെഫാലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.