മസാജ് തെറാപ്പിസ്റ്റിനെ നഗ്നത കാണിച്ച സംഭവം: ഗെയില്‍ ചോദിക്കുന്ന പ്രതിഫലം രണ്ടു കോടി
മസാജ് തെറാപ്പിസ്റ്റിനെ നഗ്നത കാണിച്ച സംഭവം: ഗെയില്‍ ചോദിക്കുന്ന പ്രതിഫലം രണ്ടു കോടി
മസാജ് തെറാപ്പിസ്റ്റിനെ നഗ്നത കാട്ടിയെന്ന കേസില്‍ വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനെ സിഡ്‌നി കോടതി താരത്തിന് അനുകൂലമായ വിധി പറഞ്ഞത് അതിശയത്തോടെയാണ് എല്ലാവരും കേട്ടത്. ഇതോടെ, ഗെയിലിനെതിരെ കെട്ടിച്ചമച്ച കേസായിരുന്നോ ഇതെന്ന ചര്‍ച്ചയും സജീവമായി.
ഇതിനിടെ പുതിയ വാഗ്ദാനവുമായി ഗെയില്‍ രംഗത്തെത്തി. 2015ലെ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ സിഡ്നിയില്‍വച്ച് മസാജ് തെറാപ്പിസ്റ്റുമായി ഉണ്ടായ പ്രശ്‌നം ഏതു ചാനലുമായും പങ്കുവയ്‌ക്കാന്‍ തയ്യാര്‍ ആണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
അഭിമുഖത്തിന് താല്‍പ്പര്യമുള്ള ആര്‍ക്കും താനുമായി ബന്ധപ്പെടാം. ഒരു മണിക്കൂര്‍ അഭിമുഖത്തില്‍ എല്ലാ കാര്യവും തുറന്നു പറയാന്‍ ഒരുക്കമാണ്. പക്ഷെ പ്രതിഫലമായി ഏകദേശം രണ്ടു കോടിയോളം രൂപ തനിക്ക് വേണമെന്നും ഗെയില്‍ വ്യക്തമാക്കി.
ലോകകപ്പ് മത്സരങ്ങള്‍ക്കിടെ സിഡ്നിയില്‍വച്ച് ഗെയില്‍ മസാജ് തെറാപ്പിസ്റ്റിനെ ലൈംഗിക താത്പര്യം പ്രകടിപ്പിക്കുംവിധം ജനനേന്ദ്രിയം കാട്ടിയെന്നായിരുന്നു ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫെയര്‍ഫാക്സ് വാര്‍ത്ത പുറത്തുവിട്ടത്.
ഓസീസ് മാധ്യമം പുറത്തുവിട്ട വാര്‍ത്തയ്‌ക്കെതിരെ ഗെയില്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ മാധ്യമം ആരോപിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നുമുള്ള ഗെയിലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.