ഗെയില്‍ മസാജ് തെറാപ്പിസ്റ്റിനെ നഗ്നത കാട്ടിയെന്ന ആരോപണം: കേസില്‍ വമ്പന്‍ ട്വിസ്റ്റ്
ഗെയില്‍ മസാജ് തെറാപ്പിസ്റ്റിനെ നഗ്നത കാട്ടിയെന്ന ആരോപണം: കേസില്‍ വമ്പന്‍ ട്വിസ്റ്റ്
മസാജ് തെറാപ്പിസ്റ്റിനെ നഗ്നത കാട്ടിയെന്ന കേസില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് വിജയം.ഓസ്ട്രേലിയന്‍ മാധ്യമം പുറത്തുവിട്ട വാര്‍ത്തയ്ക്കെതിരെ ഗെയില്‍ നല്കിയ ഹര്‍ജിയിലാണ് സിഡ്നി കോടതി താരത്തിന് അനുകൂലമായ വിധി പറഞ്ഞത്.
2015ലെ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ സിഡ്നിയില്‍വച്ച് ഗെയില്‍ മസാജ് തെറാപ്പിസ്റ്റിനെ ലൈംഗിക താത്പര്യം പ്രകടിപ്പിക്കുംവിധം ജനനേന്ദ്രിയം കാട്ടിയെന്നായിരുന്നു ഓസ്ട്രേലിയന്‍ മാധ്യമമായ ഫെയര്‍ഫാക്സ് വാര്‍ത്ത പുറത്തുവിട്ടത്.
ഓസീസ് മാധ്യമം പുറത്തുവിട്ട വാര്‍ത്തയ്ക്കെതിരെ ഗെയില്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ മാധ്യമം ആരോപിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നുമുള്ള ഗെയിലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പുറത്തുവന്ന വാര്‍ത്തയിലെ വാസ്തവം എന്തെന്ന് ജനങ്ങൾ അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഗെയില്‍ പറഞ്ഞു. അതേസമയം, വാര്‍ത്തയ്ക്കെതിരെ താരം മാനനഷ്ട കേസ് നല്‍കുമെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഭീമമായ തുകയാകും താരം ആവശ്യപ്പെടുക.
ഡ്രസിംഗ് റൂമില്‍ വെച്ച് ഗെയില്‍ മോശമായി പെരുമാറിയെന്നും നഗ്നത കാട്ടിയെന്നും മസാജ് തെറാപ്പിസ്റ്റായ യുവതി വ്യക്തമാക്കിയതായുള്ള റിപ്പോര്‍ട്ടാണ് ഫെയര്‍ഫാക്സ് പുറത്തുവിട്ടത്.