ജനുവരി 7 മുതല്‍ 27 വരെ നടക്കുന്ന ട്വന്റി-20 പൂരത്തില്‍ മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍താരവുമായ എംഎസ് ധോണി പങ്കെടുക്കില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ നിന്നാണ് ധോണി സ്വയം ഒഴിവായത്. ജാര്‍ഘണ്ട് ക്രിക്കറ്റ് സെക്രട്ടറിക്കയച്ച കത്തിലൂടെയാണ് ധോണി തന്റെ പിന്മാറ്റം അറിയിച്ചത്. ഇതോടെ വീണ്ടും ധോണിയെ കളിക്കളത്തില്‍ കാണാമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയേല്‍ക്കുകയും ചെയ്തു.
അതേസമയം ഫെബ്രുവരി ഒന്നിന്‍ ആരംഭിക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ധോണി കളിച്ചേക്കുമെന്നും ഇതിനായി ഏതുനിമിഷവും മുന്‍ ഇന്ത്യന്‍ നായകന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നേയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും സുരേഷ് റെയ്‌നയും കളിക്കുന്നുണ്ട്.
പഞ്ചാബിന് വേണ്ടി യുവിയും ഹര്‍ഭജനും കളത്തിലിറങ്ങുമ്പോള്‍ ഉത്തര്‍ പ്രദേശിന് വേണ്ടിയാണ് റെയ്‌ന ബാറ്റേന്തുന്നത്. ഐപിഎല്ലിന് മുന്നോടിയായി നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടി-20 ടൂര്‍ണമെന്റാണിതെന്നതിനാല്‍ ഈ മത്സരത്തിലെ പ്രകടനമാണ് താരങ്ങളുടെ ഭാവി തീരുമാനിക്കുക. അതേസമയം മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ബറോഡ ടീമില്‍ ഇര്‍ഫാന്‍ പത്താന് ടീമില്‍ ഇടം ലഭിച്ചില്ല.