ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ മിസ് ചെയ്യുന്ന താരം ഭുവനേശ്വര്‍ കുമാര്‍ ആണെന്ന് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്ററും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വിങ് ബൗളര്‍മാര്‍ക്കാണ് ഇംഗ്ലണ്ടിലെ പിച്ചില്‍ എന്തെങ്കിലും കാര്യമായ സംഭാവന ചെയ്യാന്‍ സാധിക്കുകയെന്നും അതിനുള്ള കഴിവ് ഭുവനേശ്വര്‍ കുമാറിന് ഉണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്താന്‍ സാധിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ടീമിലുള്ള ജസ്പ്രീത് ബുംറയേക്കാള്‍ സ്വിങ് ബോളുകള്‍ എറിയാന്‍ ഭുവനേശ്വര്‍ കുമാറിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
'ഇന്ത്യ ഭുവനേശ്വര്‍ കുമാറിനെ മിസ് ചെയ്യുന്നുണ്ടാകും. ന്യൂ ബോള്‍ കൃത്യമായി ഉപയോഗിക്കാന്‍ അറിയുന്ന താരമാണ് ഭുവി. ലോങ് സ്‌പെല്ലുകള്‍ എറിയാനും ടെസ്റ്റില്‍ തരക്കേടില്ലാതെ ബാറ്റ് ചെയ്യാനും അദ്ദേഹത്തിനു കഴിവുണ്ട്. അതുകൊണ്ട് തന്നെ ഭുവനേശ്വര്‍ കുമാര്‍ നല്ലൊരു ചോയ്‌സ് ആയിരുന്നു. സ്വിങ്ങിന് അനുകൂലമായ പിച്ചാണിത്. സ്വിങ് ബോളുകള്‍ എറിയാന്‍ ന്യൂസിലന്‍ഡിലെ എല്ലാവര്‍ക്കും നല്ല കഴിവുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇഷാന്ത് ശര്‍മ മാത്രമാണ് കുറച്ചെങ്കിലും സ്വിങ് ബോളുകള്‍ എറിയുന്നത്. മറ്റ് രണ്ട് പേരും സ്വിങ് ബോളുകള്‍ എറിയുന്നില്ല. അവര്‍ സീം ബൗളര്‍മാരാണ്,' ചോപ്ര പറഞ്ഞു.