രാജ്യാന്തര ക്രിക്കറ്റിൽ സച്ചിനെന്ന വികാരം പിറവി കൊണ്ടിട്ട് ഇന്നേക്ക് 30 വർഷം!
സച്ചിൻ യുഗത്തിന് 30 വയസ്, അറിഞ്ഞിരിക്കേണ്ട 18 കാര്യങ്ങൾ
പാകിസ്ഥാനില്‍ 1989 നാണ് സച്ചിന്‍ രമേശ് ടെന്റുല്‍ക്കര്‍ എന്ന ക്രിക്കറ്റര്‍ അരങ്ങേറിയത്. രാജ്യാന്തര ക്രിക്കറ്റിൽ സച്ചിൻ അരങ്ങേറ്റം കുറിച്ചതിന്റെ 30ആം വാർഷികം ഇന്ന്. കറാച്ചിയിൽ ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ സച്ചിൻ, പിന്നീട് രണ്ടര ദശാബ്ദത്തോളം ഇന്ത്യക്കായി കളിച്ചു. 2013ൽ വിരമിച്ചെങ്കിലും രാജ്യാന്തരക്രിക്കറ്റിലെ ബാറ്റിങ് റെക്കോർഡുകളിൽ പലതും ഇപ്പോഴും സച്ചിന്റെ പേരിൽ തന്നെയാണുള്ളത്.
ക്രിക്കറ്റിന് ഒരു മതമുണ്ടെങ്കില്‍ അത് സച്ചിനാണ്. ക്രീസില്‍ അദ്ദേഹം മിന്നുന്ന ഷോട്ടുകള്‍ പായിക്കുമ്പോള്‍ ‘സച്ചിന്‍‘ എന്ന വികാരം ഇന്ത്യ മുഴുവന്‍ ആളിപ്പടർന്നിരുന്നു, സ്വന്തം മകന് സച്ചിന്‍ എന്ന് പേരിട്ടവര്‍ എത്രയെത്ര. സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവം പായിക്കുന്ന ഫോറുകളും സിക്സറുകളും പോലെ തന്നെ അദ്ദേഹത്തോടുള്ള സ്നേഹവും രാജ്യാതിര്‍ത്തി കടന്ന് പടരുകയായിരുന്നു.
ലോകമെമ്പാടും സച്ചിന് ആരാധകരെ സൃഷ്ടിക്കാനായി. കളിക്കളത്തിലും പുറത്തും പെരുമാറ്റത്തില്‍ പുലര്‍ത്തിയ മാന്യത അദ്ദേഹത്തെ സ്വീകാര്യനാക്കി. റെക്കോര്‍ഡുകളുടെ തോഴനായ സച്ചിനെ തേടി ഒരു ക്രിക്കറ്റര്‍ക്ക് ലഭിക്കാവുന്ന എല്ലാ പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. ഇതിഹാസ താരത്തിന്റെ രാജ്യാന്തര അരങ്ങേറ്റത്തിന് 30 വയസ്സ് പൂർത്തിയാകുമ്പോൾ സച്ചിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
1. ടെസ്റ്റ് അരങ്ങേറ്റം 1989 നവംബർ 15ന് പാക്കിസ്‌ഥാനെതിരെ കറാച്ചിയിൽ ആയിരുന്നു.
2. അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.
3. സച്ചിന്റെ ആദ്യ ഏകദിനം ഗുജ്റൻവാലയിൽ– 1989 ഡിസംബർ 18ന്.
4. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം.
5. 2011- ൽ സച്ചിൻ ലോക കപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി.
6. ടെസ്റ്റിലും ഏക ദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്.
7. ഏക ദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയ ആദ്യത്തെ കളിക്കാരൻ.
8. 2009 നവംബർ 5ന് ഹൈദരാബാദിൽ വെച്ച് നടന്ന ഇന്ത്യ-ആസ്ട്രേലിയ ഏക ദിന പരമ്പരയിലെ മത്സരത്തിൽ, 17000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിൻ നേടി.
9. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ.
10. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി.
11. 2012 ഡിസംബർ 23-ന് സച്ചിൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
12. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോർഡുകളെല്ലാം വിരമിക്കുമ്പോൾ സച്ചിന്റെ പേരിലാണ്.
13. 2012 മാർച്ച് 18-ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.
14. 2013 നവംബർ 14 മുതൽ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു.
15. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച അതേ ദിവസം തന്നെ രാജ്യം ഭാരതരത്നം പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു.
16. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.
17. അരങ്ങേറ്റം മുതൽ വിടവാങ്ങൽവരെ ഏകദിനക്രിക്കറ്റിൽ കൂടുതൽ കാലം സജീവമായിരുന്ന താരം എന്ന ലോക റെക്കോർഡ് സച്ചിന്റെ പേരിൽ.
18. സച്ചിൻ രണ്ട് തവണ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായെങ്കിലും ആ സ്ഥാനത്ത് ശോഭിക്കാനായില്ല. 2000ത്തിൽ സച്ചിൻ ക്യാപ്റ്റൻ പദവി രാജി വച്ചു. സൗരവ് ഗാംഗുലി പുതിയ ക്യാപ്റ്റനായി.
ഇന്ത്യൻ ജനതയെ ഏറെ വൈകാരികമായി ബാധിച്ചു സച്ചിന്റെ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ. സച്ചിൻറെ വിടവാങ്ങൽ പ്രസംഗം ഏവരേയും കരയിപ്പിക്കുന്നതായിരുന്നു.