ക്രിക്കറ്റിൽ ഇന്ത്യയെ പടുത്തിയർത്തിയ ക്യാപ്റ്റന്മാരിൽ പ്രധാനിയാണ് എം എസ് ധോണി. രാജ്യത്തിനകത്തും പുറത്തും അദ്ദേഹത്തിനു നിരവധി ആരാധകരുണ്ട്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ പോലും സമ്മർദ്ദം ഇല്ലാതെ കളിക്കാനും ക്രിക്കറ്റ് മൈതാനത്ത് ശാന്തത പാലിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പലരും പ്രശംസിച്ചിരുന്നു. ധോണിയെ റോൾ മോഡലായി കരുതുന്നവരും ഉണ്ട്. അക്കൂട്ടത്തിൽ കന്നഡ താരം യാഷുമുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിലെ അതികായനായ എം എസ് ധോണിയാണ് തന്റെ ജീവിതത്തിലെ മാതൃകയെന്ന് കെ ജി എഫ് താരം യാഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനോഭാവം പോലെ തന്നെ ധോണിയുടെ ജീവിതവും ചിന്താരീതികളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് യാഷ് പറയുന്നു.
മൂന്ന് ഐസിസി ട്രോഫികൾ, ടി 20 ലോകകപ്പ് 2007, ഐസിസി ലോകകപ്പ് 2011, 2013 ൽ ചാമ്പ്യൻസ് ട്രോഫി എന്നിവ നേടിയ ഏക ഇന്ത്യൻ ക്യാപ്റ്റനാണ് ധോണി. ലോകകപ്പ് നഷ്ടമായ ശേഷം ധോണി ഇതുവരെ കളിച്ചിട്ടില്ല.
നിലവിൽ, ക്രിക്കറ്റിൽ നിന്ന് വിട്ട് നിന്ന് കുടുംബത്തോടൊപ്പം ജന്മനാടായ റാഞ്ചിയിൽ സമയം ചെലവഴിക്കുകയാണ് ധോണി. ധോണിയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകരും ക്രിക്കറ്റ് ലോകവും.