ഐപിഎല്ലിലെ പവർ പ്ലെയർമാരുടെ ഇടയിൽ നിന്ന് ഓറഞ്ച് ക്യാപ് നേടുക എന്നത് ചെറിയ കാര്യമല്ല. 12 ഐ പി എൽ സീസണുകളിൽ ഏറ്റവും അധികം തവണ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ളത്. ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറാണ്. മൂന്ന് തവണയാണ് വാർണർ ഈ നേട്ടം സ്വന്തമാക്കിയത്.
12 ഐ പി എൽ സീസണുകളിൽ ആറ് തവണയും ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ തന്നെയാണ്. ഒന്നാം സ്ഥാനം വാർണർക്ക് ആണെങ്കിൽ രണ്ടാം സ്ഥാനത്തുള്ളത് വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയിലാണ്. ഗെയിൽ ഇത് വരെ രണ്ട് തവണയാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിട്ടുള്ളത്. ഓസീസ് ബാറ്റ്സ്മാൻ ഷോൺ മാർഷാണ് ആദ്യ ഐപിഎല്ലിൽ ഈ നേട്ടം സ്വന്തമാക്കിയത്.
ഗെയിലിന്റേയും വാർണറിന്റേയും നേട്ടത്തിനൊപ്പം തന്നെ പ്രാധാന്യമേറിയതാണ് ഇന്ത്യൻ താരങ്ങളുടെയും നേട്ടം. മൂന്ന് ഇന്ത്യൻ താരങ്ങളാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിട്ടുള്ളത്. സച്ചിൻ ടെൻണ്ടുൽക്കർ, റോബിൻ ഉത്തപ്പ, വിരാട് കോഹ്ലി എന്നിവരാണ് ഓറഞ്ച് ക്യാപ് നേടിയ ഇന്ത്യൻ താരങ്ങൾ.
ക്രിക്കറ്റ് ദൈവം എന്ന് ആരാധകർ വിളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ 2010ലാണ് ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരവും സച്ചിൻ തന്നെയാണ്. മുബൈ ഇന്ത്യൻസിനായി കളിച്ച അദ്ദേഹം 15 മത്സരങ്ങളിൽ നിന്ന് 618 റൺസാണ് നേടിയത്.
സച്ചിന് ശേഷം നാല് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ താരം ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് നേടിയത്. റൊബിൻ ഉത്തപ്പയായിരുന്നു ആ താരം. 2014ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻ ഉത്തപ്പയായിരുന്നു. പഞ്ചാബിനെ ഫൈനലിൽ തകർത്ത് കൊൽക്കത്ത കിരീടം നേടി. 16 മത്സരങ്ങളിൽ നിന്ന് 660 റൺസാണ് ഉത്തപ്പ നേടിയത്.
രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയ്ക്ക് മറ്റൊരു ഓറഞ്ച് ക്യാപ്പ് നേടാനായത്. 2016 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോലിയിലൂടെയായിരുന്നു അത്. ആ വർഷം കോഹ്ലി നടത്തിയത് അവിസ്മരണീയ പ്രകടനമായിരുന്നു. 16 മത്സരങ്ങളിൽ നിന്ന് കോഹ്ലി നേടിയത് 973 റൺസാണ്. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡ് ഇപ്പോഴും കോലിയുടെ പേരിലാണ്. വാർണറേയും ഗെയിലിനേയും തകർത്ത് ഒന്നാം സ്ഥാനത്തിരിക്കാൻ കെൽപ്പുള്ള താരം കോഹ്ലിയാണ്. കോഹ്ലിക്ക് അതിനു കഴിയുമെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്.