കൊവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്നതിന്റെ ആശങ്കകൾക്കിടെ ക്രിക്കറ്റ് ലോകത്തിന് മാതൃകയായി ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ. ലോകമെങ്ങും കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ പകുതി ശമ്പളം ബംഗ്ലാദേശ് സർക്കാരിന് നൽകാനാണ് ബംഗ്ലാ താരങ്ങളുടെ തീരുമാനം.
ബംഗ്ലാദേശ് മാധ്യമമായ ധാക്ക ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം 27 താരങ്ങളാണ് ഇത്തരത്തിൽ തങ്ങളുടെ ശമ്പളത്തിന്റെ പകുതിയും ബംഗ്ലദേശ് സർക്കാരിന് നൽകാൻ തയ്യാറായിട്ടുള്ളത്. ഇതിൽ 17 താരങ്ങൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരും 10 പേർ അടുത്തകാലത്തായി ദേശീയടീമിൽ കളിച്ചവരുമാണ്. ഏകദേശം 23 ലക്ഷത്തോളം രൂപയാണ് ഇവർ സർക്കാരിന് നൽകുക.
ലോകം മൊത്തം കൊറോണയോട് പൊരുതുകയാണ്. ദിവസം പ്രതി രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ലോകം മൊത്തം വർധിച്ചുകൊണ്ടിരിക്കുന്നു.ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ ജനങ്ങളോ ബോധവല്‍ക്കരിക്കുന്നുണ്ട്. എന്നാല്‍ അതുമാത്രമല്ല കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതെന്ന് ഞങ്ങൾ കരുതുന്നു. ഇതിന്റെ ഭാഗമായി ബി.സി.ബി കരാറിലുള്ള ഞങ്ങള്‍ 17 പേരും അടുത്തിടെ ദേശീയ ടീമിനായി കളിച്ച 10 താരങ്ങളും ശമ്പളത്തിന്റെ പകുതി തുക കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. താരങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനത്തിൽ പറഞ്ഞു.