110 കോടി കൊവിഡ് വാക്സിന്‍ ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് സ്‌കീമില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യും. ആസ്ട്രാസെനക്കാ നിര്‍മിക്കുന്ന പുതിയ വാക്സിനായ നോവോവാക്സ് ആണ് വിതരണം ചെയ്യുന്നത്. ജനിതകമാറ്റം വന്ന വൈറസുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്സിനാണ് നോവോവാക്സ്. ഒരു ഡോസിന് മൂന്ന് ഡോളര്‍ നിരക്കിലാണ് വാക്സിന്‍ നല്‍കുന്നത്. ഇത് ഇന്ത്യന്‍ വിലയില്‍ 218 രൂപവരും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്കാകും വാക്സിന്‍ നല്‍കുകയെന്ന് യുനിസെഫ് ചീഫ് ഹെന്റിറ്റ ഫോര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് സ്‌കീമിലൂടെ ലോകത്തെ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് രണ്ടുബില്യണ്‍ കൊവിഡ് വാക്സിന്‍ എത്തിക്കുമെന്നും അവര്‍ പറഞ്ഞു.
നോവോവാക്സിന്‍ ജൂണ്‍ മാസത്തോടെയാകും ലഭ്യമാകുന്നത്. അതേസമയം കുട്ടികള്‍ക്കായുള്ള വാക്സിന്‍ ഒക്ടോബര്‍ മാസത്തോടെ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. കൊഡാജെനിക്സ് കമ്പനിയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്.