കൊവിഡ് 19 വൈറസ് ബാധിച്ച് തമിഴ്‌നാട്ടിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. മരണപ്പെട്ട മധുര സ്വദേശിയായ 54 വയസുകാരൻ നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നതായി സൂചന. പ്രമേഹ രോഗി കൂടിയായ ഇയാൾക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാൾക്ക് രോഗം എങ്ങനെയാണ് ബാധിച്ചതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്ത്ത കൈവന്നിട്ടില്ല. ആരോഗ്യവകുപ്പും ഇയാൾക്ക് രോഗം വന്നതിനെ പറ്റിയുള്ള വിശദീകരണം നൽകിയിട്ടില്ല. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് വിവാഹം, മരണം പോലുള്ള പൊതുചടങ്ങുകളിൽ ഇയാൾ പങ്കെടുത്തിരുന്നു. കൂടാതെ നിരവധിയാളുകൾ തിങ്ങിക്കൂടിയ മാർക്കറ്റുകളിലും ഇയാൾ പോയിരുന്നതായി സൂചനയുണ്ട്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ആദ്യമരണം ആരോഗ്യമന്ത്രി സ്ഥിരീകരിച്ചത്. എന്നാൽ, രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് ചോദിച്ച മാധ്യമപ്രവർത്തകരോട് അത് സാധ്യമല്ലെന്നും മെഡിക്കൽ എത്തിക്സിനു ചേർന്നതല്ലെന്നുമുള്ള മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. മരണപ്പെട്ടയാൾക്ക് വിദേശ ബന്ധം ഇല്ലായെന്നത് ഏറെ ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതിലൂടെ, സമൂഹ വ്യാപനത്തിലൂടെയാണ് ഇയാൾക്ക് കൊവിഡ് 19 പടർന്നതെന്ന സംശയം ബലപ്പെടുകയാണ്.
ഇതോടെ ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണാം 12 ആയി ഉയർന്നു. ഇന്ത്യയിൽ ഇതുവരെയായി 562 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിൽ 48 പേർക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം രണ്ട് പേരാണ് ഇന്ത്യയിൽ രോഗം ബാധിച്ച് മരിച്ചത്.അതേസമയം വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.21 ദിവസത്തേക്കാണ് രാജ്യം ലോക്ക്ഡൗൺ ചെയ്യുന്നത്.