Rajnikanth: 'ആമിർ ഖാൻ കുള്ളൻ, സൗബിന് കഷണ്ടി'; രജനികാന്തിന്റെ ബോഡി ഷെയ്മിങ്, വിമർശനം
സ്വന്തം ലുക്കിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊക്കെ സെൽഫ് ട്രോൾ നടത്തി കയ്യടി വാങ്ങാറുണ്ട് രജനികാന്ത്.
തെന്നിന്ത്യയുടെ തലൈവർ രജനികാന്തിനെതിരെ സോഷ്യൽ മീഡിയ. കൂലിയുടെ പ്രീ-റിലീസ് ഇവന്റിൽ മാറ്റ് താരങ്ങളെ ബോഡി ഷെയിമിങ് നടത്തിയതാണ് പുലിവാല് ആയിരിക്കുന്നത്. പ്രസംഗങ്ങളിൽ സ്വന്തം ലുക്കിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊക്കെ സെൽഫ് ട്രോൾ നടത്തി കയ്യടി വാങ്ങാറുണ്ട് രജനികാന്ത്.
എന്നാൽ അതേ രീതിയിൽ തന്റെ സഹതാരങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് രജനികാന്തിന് തിരിച്ചടിയായിരിക്കുന്നത്. ലോകേഷ് സംവിധാനം ചെയ്യുന്ന കൂലിയിൽ മലയാളത്തിന്റെ സൗബിൻ ഷാഹിറും ബോളിവുഡ് താരം ആമിർ ഖാനും അഭിനയിക്കുന്നുണ്ട്. ഇരുവരേയും കുറിച്ച് രജനികാന്ത് പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങളാണ് താരത്തിന് വിമർശനം നേടിക്കൊടുക്കുന്നത്.
കൂലിയിൽ ദയാൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സൗബിനെയാണ് ലോകേഷ് തീരുമാനിച്ചിരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ തനിക്ക് വിശ്വാസമുണ്ടായിരുന്നില്ലെന്നാണ് രജനി പറയുന്നത്. സൗബിന് കഷണ്ടിയാണെന്നും ഇയാളെക്കൊണ്ട് ഇത് പറ്റുമോ എന്ന് താൻ ചിന്തിച്ചുവെന്നുമാണ് രജനികാന്ത് പറയുന്നത്. ഈ പരാമർശത്തിന്റെ പേരിൽ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നന്നും സൂപ്പർ സ്റ്റാർ നേരിടുന്നത്. സ്വന്തം കഷണ്ടി മറന്നാണോ സൗബിന്റെ കഷണ്ടിയെ കളിയാക്കുന്നതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ആമിർ ഖാനെക്കുറിച്ച് സംസാരിക്കവെ രജനി നടത്തിയ പരാമർശവും കടുത്ത വിമർശനം നേരിടുന്നുണ്ട്. ആമിർ ഖാൻ ബോളിവുഡിന്റെ കമൽഹാസനാണെന്ന് പ്രശംസിക്കുന്നുണ്ട് രജനികാന്ത്. എന്നാൽ പിന്നീട് അദ്ദേഹത്തെ കുള്ളനെന്ന് വിളിച്ചതാണ് രജനിയെ വെട്ടിലാക്കുന്നത്. ബോളിവുഡിൽ ഒരു ഭാഗത്ത് ഷാരൂഖ് ഖാനും മറുവശത്ത് സൽമാൻ ഖാനുമുണ്ട്. രണ്ടിനും നടുവിൽ കുള്ളനായ ആമിർ ഖാനും. അയാളുടെ കൂടെ എങ്ങനെ പിടിച്ചു നിൽക്കും എന്നാണ് രജനിയുടെ പരാമർശം.
രജനികാന്ത് സൗബിനേയും ആമിർ ഖാനേയും ബോഡി ഷെയ്മിങ് നടത്തിയെന്നാണ് വിമർശനം. സ്വന്തം ലുക്കിനെക്കുറിച്ചുള്ള പൊതുബോധത്തെ എപ്പോഴും പരിഹാസത്തോടെയാണ് അദ്ദേഹം നേരിട്ടിട്ടുള്ളത്. അങ്ങനെയിരിക്കെ രജനികാന്ത് എന്തുകൊണ്ടാണ് മറ്റുള്ളവരെ അതേതരത്തിൽ വീക്ഷിക്കുകയും വിധിക്കുകയും ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.