Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ നര്‍മ്മം കൊണ്ട് നേരിട്ട മാസ്റ്റര്‍';കെ ജി ജയനെ ആദരാഞ്ജലി അര്‍പ്പിച്ച് ഗായകന്‍ ജി വേണുഗോപാല്‍

'ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ നര്‍മ്മം കൊണ്ട് നേരിട്ട മാസ്റ്റര്‍';കെ ജി ജയനെ ആദരാഞ്ജലി അര്‍പ്പിച്ച് ഗായകന്‍ ജി വേണുഗോപാല്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 16 ഏപ്രില്‍ 2024 (12:21 IST)
സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയനെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗായകന്‍ ജി വേണുഗോപാല്‍. ജയന്‍ മാസ്റ്ററെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ രൂപത്തേക്കാള്‍ അദ്ദേഹത്തിന്റെ കരുത്തുറ്റ ശബ്ദമാണ് ഓര്‍മ്മകളില്‍ വരുന്നതെന്ന് വേണുഗോപാല്‍ പറയുന്നു.മലയാള സംഗീത ലോകത്തെ തീരാ നഷ്ടമാണ് ജയന്‍ മാസ്റ്ററെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അനുസ്മരണ കുറിപ്പില്‍ വേണുഗോപാല്‍ എഴുതി.
 
വേണുഗോപാലിന്റെ വാക്കുകളിലേക്ക്
 
 ജയന്‍ മാസ്റ്റര്‍ ഇനി നമ്മോടൊപ്പം കാണില്ല. ഒരുപാട് പാട്ടുകളും, തമാശ നിറഞ്ഞ ഓര്‍മ്മകളും ബാക്കിയാക്കി, മാസ്റ്ററും യാത്രയായിരിക്കുന്നു.
 
ഓര്‍മ്മകളില്‍ രൂപത്തെക്കാളേറെ മുന്നില്‍ വരുന്നത് മാസ്റ്ററുടെ കരുത്തന്‍ ശബ്ദമാണ്. പഴയ ലൈവ് റിക്കാര്‍ഡിംങ്ങുകളില്‍ പാട്ടുകാരും, ഓര്‍ക്കസ്ട്രയും സംഗീത സംവിധായകനുമൊക്കെ വ്യത്യസ്ത സൗണ്ട് പ്രൂഫ് ഗ്ലാസ് കാബിനുകള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന കാലം. റിക്കാര്‍ഡിംങ്ങ് എന്‍ജിനീയറുടെ കണ്‍സോളിലുള്ളോരു 'ടാക്ക് ബാക്ക് ' ബട്ടണ്‍ ഞെക്കിയാണ് പാട്ടു കറക്ഷന്‍സ് പറഞ്ഞു തരിക പതിവ്. ജയന്‍ മാസ്റ്റര്‍ക്ക് മാത്രം ഈ ടാക്ക്ബാക്ക് ബട്ടന്റെ ആവശ്യമില്ല. സര്‍വ്വ സൗണ്ട് പ്രൂഫ് സാങ്കേതികതകളെയും ഭേദിച്ച് കൊണ്ട് മാസ്റ്ററുടെ ശബ്ദം സ്റ്റുഡിയോ മുഴുവന്‍ മുഴങ്ങും. കൂടെ യഥേഷ്ടം തമാശകളും. മാസ്റ്ററുടെ എഴുപതാം വയസ് ആഘോഷങ്ങള്‍ തിരുനക്കര മൈതാനിയില്‍ നടക്കുന്നു. അനിതരസാധാരണമായ സംഗീത ചേരുവകള്‍ക്കൊപ്പം. മനുഷ്യ ശബ്ദത്തിന്റെ ഫ്രീക്വന്‍സികള്‍ക്ക് കടകവിരുദ്ധമായുള്ള തവിലും നാദസ്വരവും ആണ് മാഷിന്റെ പക്കമേളം. ഒരു മൂന്നു് മൂന്നര മണിക്കൂര്‍ ഈ രണ്ടു് സംഗീതോപകരണങ്ങള്‍ക്കും മീതെ ജയന്‍ മാസ്റ്ററുടെ ശബ്ദം അവിടെയെങ്ങും മുഴങ്ങി. ജീവതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും നര്‍മ്മം കൊണ്ടായിരുന്നു ജയന്‍ മാസ്റ്റര്‍ അവയെല്ലാം നേരിട്ടിരുന്നത്. ഒരിക്കലും തളരാത്ത മനസ്സും, ശരീരവും, ശബ്ദവും, അതാണെനിക്ക് ജയന്‍ മാസ്റ്റര്‍.
 
അവസാനമായ് മാസ്റ്ററെ നേരിട്ട് കാണുന്നത് ഏതാനും വര്‍ഷം മുന്‍പ് ചെമ്പൈ ഗ്രാമത്തിലെ സംഗീതോത്സവത്തിലാണ്. ഒന്നര മണിക്കൂര്‍ കൊണ്ട് തീരേണ്ട ദാസേട്ടന്റെ സംഗീതകച്ചേരി നീണ്ട് പോകുന്നു. കഥകളും, ഓര്‍മ്മ പങ്ക് വയ്ക്കലും, പാട്ടുമൊക്കെയായ് ദാസേട്ടന്‍ സമയം എടുക്കുന്നുണ്ട്. അകത്ത് ചെമ്പൈ സ്വാമിയുടെ ഗൃഹത്തില്‍ സ്വാമി ഉപയോഗിച്ചിരുന്ന കട്ടിലില്‍ അക്ഷമനായ് ജയന്‍ മാസ്റ്റര്‍ കാത്തിരിക്കുന്നു തന്റെ ഊഴം കാത്ത്. അവസാനം കച്ചേരി കഴിഞ്ഞ് വീട്ടിനുള്ളിലേക്ക് കടന്നു വന്ന ദാസേട്ടനോട് ജയന്‍ മാസ്റ്റര്‍ ' യേശുവിന്റെ ഹരികഥാ സംഗീത കാലക്ഷേപം കഴിഞ്ഞോ ' എന്ന ചോദ്യവും, രണ്ട് പേരും ചിരിച്ചു മറിയുന്ന ഓര്‍മ്മയുമുണ്ടെനിക്ക്.
 
രാഗാര്‍ദ്രമായിരുന്നു മാസ്റ്ററുടെ ഗാനങ്ങളെല്ലാം. മൂന്നര മിനിറ്റുള്ള ലളിതഗാനത്തില്‍ ഒരു ശാസ്ത്രീയ രാഗത്തിന്റെ സത്ത് കടഞ്ഞെടുത്ത് വിളക്കിച്ചേര്‍ത്തിരുന്ന മഹാനുഭാവരില്‍ ജയന്‍ മാസ്റ്ററും കാലയവനികയ്ക്കുള്ളില്‍ പോയി മറഞ്ഞിരിക്കുന്നു. മലയാള സംഗീതത്തിന് തീരാനഷ്ടം! 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Aavesham Box Office Collection: തിങ്കള്‍ ടെസ്റ്റ് പാസായി രങ്കണ്ണനും പിള്ളേരും; ആവേശം 50 കോടി ക്ലബില്‍