കേരളത്തിലെ വൻകിട മൾട്ടിപ്ലക്സ് തീയറ്ററുകളെ ശക്തമായ ഭാഷയിൽ വിമർഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. റസൂൽ പൂക്കുട്ടി ശബ്ദ സംവിധാനം നിർവഹിച്ച ‘പ്രാണ‘ തീയറ്ററിലെത്തിയതിനു പിന്നാലെയാണ് തീയറ്ററുകളിലെ പ്രദർശന സംവിധാനത്തിന്റെ അപാകതയെക്കുറിച്ച് റസൂൽ പൂക്കുട്ടി തുറന്നടിക്കുന്നത്.
കോർപ്പറേറ്റ് മൾട്ടിപ്ലക്സുകളെ സംബന്ധിച്ചിടത്തോളം തിയറ്ററിൽ വിറ്റുപോകുന്ന പോപ്കോണിലും കൊക്കൊക്കോളയിലുമൊക്കെയാണ് ശ്രദ്ധ എന്നും തീയറ്ററുകളെ പ്രദർശന സാങ്കേതികവിദ്യയിലും സംവിധാനത്തിലും യാതൊരു ശ്രദ്ധയും നൽകുന്നില്ലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
‘കോർപ്പറേറ്റ് മൾട്ടിപ്ലക്സ് തീയറ്ററുകളിൽ ഭാഷകൾക്കനുസരിച്ച് അവർ ചില ലെവൽ കാർഡുകൾ വച്ചിട്ടുണ്ട്, ഹിന്ദിയുടേതല്ല തമിഴിന്, മലയാളത്തിനും ഹോളിവുഡിനും അങ്ങനെ ഓരോ ഭാഷക്കും ഓരോ സ്റ്റാൻഡേർഡുകൾ. പണ്ട് പഴശിരാജ റിലീസ് ചെയ്ത് സമയത്തും ഇതേ ദുരനുഭവം തന്നെ ഉണ്ടായി.
പ്രാണ എന്ന സിനിമയുടെ ശബ്ദാനുഭവത്തെ തീയറ്ററുകൾ വികലമാക്കി. എന്റെയും, സിനിമയിൽ പ്രവർത്തിച്ച മറ്റു ടെക്ക്നീഷ്യൻമാരുടെയും അധ്വാനമാണ് വിഫലമായത്. ഇത്തരം തീയറ്ററുകളിൽ സിനിമ കാണാൻ പോകണമോ എന്നും, നൽകുന്ന പണത്തിനുള്ള മൂല്യം തീയറ്ററുകളിൽനിന്നും ലഭിക്കുന്നുണ്ടോ എന്നും ആളുകൾ ചിന്തിക്കണം എന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.