തകർത്ത് പെയ്ത മഴയിലാണ് അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിന് കാസർകോട് വേദിയായത്. ചടങ്ങിൽ മുഖ്യ അഥിതിയായെത്തിയത് മലയാളിയുടെ പ്രിയപ്പെട്ട രമേഷ് പിഷാരടിയും. പതിവ് പോലെ വന്ന് കഴിഞ്ഞ് അൽപ്പ സമയത്തിനുള്ളിൽ തന്നെ പിഷാരടി സദസ്സിനെ കയ്യിലെടുക്കുന്ന കാഴ്ചയാണ് കലോത്സവ സമാപന വേദിയിൽ കണ്ടത്.
ഇവിടെ വന്നിറങ്ങിയപ്പോൾ തന്നെ ഒരു സംഘാടകൻ എന്റെ അരികെ വന്നു മാപ്പ് പറഞ്ഞു. മഴ പെയ്തതിന് മാപ്പ് പറയുന്ന ഒരാളെ ഞാൻ ആദ്യമായാണ് കാണുന്നത്,അതിനെല്ലാം വലിയ മനസ്സ് വേണം അത്രയധികം നാട്ടുകാർ ഒത്തുചേർന്ന് നടത്തിയ കലോൽസവമാണിത് പിഷാരടി പറഞ്ഞു.
കലോൽസവത്തിന് കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്ന ലോഡ്ജുകളോ ഹോട്ടലുകളോ ഇല്ലാതിരുന്നിട്ടും ഇവരെയെല്ലാം ഉൾക്കൊള്ളാൻ ഇവിടത്തെ നാട്ടുക്കാർ കാണിച്ച വലിയ മനസ്സ് കൊണ്ടാണ് കലോൽസവം വലിയ വിജയമായതെന്നും പിഷാരടി കൂട്ടിച്ചേർത്തു.
വാശിയേറിയ പോരാട്ടത്തിന് വേദിയായ അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 951 പോയന്റോടെ പാലക്കാടാണ് തുടർച്ചയായി രണ്ടാം തവണയും കിരീടം നേടിയത്. 949 പോയന്റോടെ കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.