Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറും ആറ് മാസം പ്രായമുള്ളപ്പോൾ ക്യാമറയ്ക്ക് മുന്നിൽ, ബോക്‌സ്ഓഫീസിലെ പവർ സ്റ്റാർ: പുനീത് രാജ്‌കുമാർ വിടവാങ്ങു‌മ്പോൾ

വെറും ആറ് മാസം പ്രായമുള്ളപ്പോൾ ക്യാമറയ്ക്ക് മുന്നിൽ, ബോക്‌സ്ഓഫീസിലെ പവർ സ്റ്റാർ: പുനീത് രാജ്‌കുമാർ വിടവാങ്ങു‌മ്പോൾ
, വെള്ളി, 29 ഒക്‌ടോബര്‍ 2021 (18:27 IST)
കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാ‌റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാലോകം. ഹൃദയാഘാതത്തെ തുടർന്ന് തന്റെ 46ആം വയസിലായിരുന്നു താരത്തിന്റെ അകാല വിയോഗം. കന്നഡ സിനിമയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം എന്ന നിലയിൽ കരിയറിന്റെ ഏറ്റവും ഉയർച്ചയിൽ നിൽക്കു‌മ്പോഴുള്ള താരത്തിന്റെ വിടവാങ്ങൽ വലിയ ആഘാതമാണ് അദേഹത്തിന്റെ ആരാധകരിലും സിനിമാലോക‌ത്തും സൃഷ്ടിച്ചിട്ടുള്ളത്.
 
അഭിനയജീവിതത്തിന്റെ കാര്യം പറയുകയാണെങ്കിൽ കുഞ്ഞ് പുനീത് ജനിച്ച് വീണത് തന്നെ സിനിമയിലേക്കായിരുന്നു. പിതാവായ ഇതിഹാസ താരം പ്രേമദ കനികെ എന്ന ചിത്രത്തില്‍ ആറ് മാസം മാത്രം പ്രായമുള്ളപ്പോളാണ് പുനീത് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.ഭക്തപ്രഹ്ലാദ എന്ന പുരാണ സിനിമയില്‍ പ്രഹ്ലാളദനെന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ബാലതാരമെന്ന സിനിമയിൽ സജീവമായ പുനീത്  ബേട്ടാഡ ഹൂവു എന്ന സിനിമയിലെ രാമു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
 
ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ വരവറിയിച്ച പുനീത് അച്ഛൻ രാജ്‌കുമാറിന്റെയും സഹോദരൻ ശിവ്‌രാജ് കുമാറിനു‌‌മൊപ്പം സിനിമാസെറ്റുകളിലായിരുന്നു ഏറിയകാലവും ജീവിച്ചത്.
 
 
1989 ല്‍ പുറത്തിറങ്ങിയ പാരാശൂരം എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് 13 വര്‍ഷം ഇടവേളയെടുത്ത പുനീത് 2002ൽ ഇഡിയറ്റ് എന്ന തെലുങ്ക് ചിത്രത്തിന്റെ അപ്പു എന്ന കന്നഡ റീമേക്കിലൂടെയാണ് നായകനായി തിരികെയെത്തിയത്. 200 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം കന്നട സിനിമയിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി.
 
2003ല്‍ ദിനേശ് ബാബുവിന്റെ അഭി എന്ന സിനിമയിലൂടെയാണ് നായകനായി രണ്ടാമത് ചിത്രവും ഹിറ്റായതോടെ പുനീത് എന്ന താരം ജനിക്കുകയായിരുന്നു. അപ്പു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആരാധകരും താരത്തെ അപ്പു എന്ന വിളിപ്പേരിൽ സ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങി. വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങി ഒരു കൂട്ടം ഹിറ്റ് ചിത്രങ്ങളിലൂടെ പിന്നീട് പുനീത് കന്നഡയിലെ ഏറ്റവും വലിയ താരമായി ഉയർന്നു. 2017ൽ പുറത്തിറങ്ങിയ രാജകുമാര കന്നഡത്തിലെ സർവകാല ബോക്സ് ഓഫീസ് റെക്കോഡുകളും തകർത്തെറിഞ്ഞ ചിത്രമായിരുന്നു.
 
അഭിനയത്തിന് പിന്നാലെ  അച്ഛനെ പോലെ പിന്നണിഗായകനായും തിളങ്ങിയ പുനീത് . 1981 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നൂറോളം ചിത്രങ്ങളില്‍ ഗാനങ്ങൾ ആലപിച്ചു.2012 ല്‍ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണര്‍' എന്ന ഗെയിം ഷോയുടെ കന്നഡ വേര്‍ഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷനിലും പുനീത് തരംഗം സൃഷ്ടിച്ചു.ഉദയ ടിവിയെ പ്രൈം ടൈം റേറ്റില്‍ ഒന്നരപതിറ്റാണ്ടിന് ശേഷം പിന്നിലാക്കി സുവര്‍ണ ചാനല്‍ ഒന്നാമതെത്തിയതിന് കാരണം ഈ പ്രോഗ്രാം ആയിരുന്നു.
 
‌കന്നഡ സിനിമയിലെ നവതരംഗ ചിത്രങ്ങളുടെ അമരക്കാരായ റിഷഭ് ഷെട്ടി,രോഹിത് ഷെട്ടി എന്നിവരുമായി കൈകോർത്ത പുനീത് കന്നഡ സിനിമാലോകത്തെ ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച ഇൻഡസ്‌ട്രി ആക്കുവാനുള്ള ശ്രമത്തിലായിരുന്നു.സന്തോഷ് അനന്ദ്രത്തിന്റെ യുവരത്ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് വരികയായിരുന്നു. നിർമാതാവിന്റെ റോളിൽ സിനിമകളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കവെയാണ് താരത്തിന്റെ അകാലവിയോഗം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുനീത് രാജ്കുമാറിന്റെ ഓര്‍മ്മകളില്‍ തമിഴ് സിനിമ ലോകം